ലണ്ടനിൽ മർദ്ദനമേറ്റ് മലയാളി കൊല്ലപ്പെട്ടു; മൂന്ന് പേർ പോലീസ് പിടിയിൽ

ലണ്ടനില്‍ തദ്ദേശീയരായ യുവാക്കളുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്നു മലയാളി മരിച്ചു. സൗത്താളില്‍ താമസിക്കുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സൗത്താളിന് സമീപം ഹാന്‍വെല്ലിലുണ്ടായ അക്രമത്തില്‍ ജെറാള്‍ഡ് നെറ്റോയ്ക്ക് മര്‍ദനമേറ്റത്.

സാരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജെറാള്‍ഡ് നെറ്റോയെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് ജെറാള്‍ഡ് നെറ്റോയ്ക്ക് മര്‍ദനമേറ്റതെന്നാണ് കരുതുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് സംഘം അദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ രണ്ട് പേര്‍ 16 വയസുകാരും ഒരാള്‍ 20 വയസുകാരനുമാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ അന്വേഷണത്തെ സഹായിക്കണമെന്നും വിവരങ്ങള്‍ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജെറാള്‍ഡ് നെറ്റോയുടെ കുടുംബം യുകെയില്‍ എത്തിയതാണ്. സൗത്താളിലാണ് കുടുംബം താമസിക്കുന്നത്. ഭാര്യ – ലിജിന്‍ ജെറാള്‍ഡ് നെറ്റോ. മക്കള്‍ – ജെനിഫര്‍ ജെറാള്‍ഡ് നെറ്റോ. സ്റ്റെഫാന്‍ ജെറാള്‍ഡ് നെറ്റോ. മാതാവും ഇവര്‍ക്കൊപ്പം യുകെയിലുണ്ട്. സംസ്‍കാരം ലണ്ടനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

comments

Share this news

Leave a Reply

%d bloggers like this: