ഇന്ത്യൻ ജനാധിപത്യവും, രാഹുൽ ഗാന്ധിയും -(അനൂപ് ജോസഫ്)

ഇന്ത്യൻ പാർലമെൻറിലെ അഞ്ഞൂറിൽ പരം അംഗങ്ങളിൽ ഒരാളായ രാഹുൽ ഗാന്ധിയിലേക്ക് എന്തുകൊണ്ടാണ് ഈ ദിനങ്ങളിൽ ലോകത്തെ മുഴുവൻ മാധ്യമങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?

ഇന്ത്യയിൽ, ഇത് ആദ്യമായിട്ടല്ല ഒരു പാർലമെൻറ് അംഗത്തെ കോടതി കുറ്റക്കാരനായി വിധിക്കുകയും അതിന്മേൽ പാർലമെൻറ് അംഗത്വം നഷ്ടപ്പെടുകയും ചെയ്യുന്നത്; എന്നിട്ടും എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ കോടതിവിധിയും, പാർലമെൻറ് അംഗത്വം റദ്ദാക്കലും, ജനാധിപത്യ വിശ്വാസികളെ ഇത്രയധികം അസ്വസ്ഥരാക്കുന്നത്!

രാഹുൽഗാന്ധി ഒരു നേർക്കാഴ്ചയാണ്, ഇന്ത്യൻ ജനാധിപത്യത്തിൻറെ മാറുന്ന മുഖം നമുക്കിന്ന് ഈ വിധിയിലൂടെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.

കോടതിവിധിയെ, ഇന്ത്യൻ നിയമങ്ങളെ മാനിക്കപ്പെടേണ്ടതാണ് എന്നും, അതിൽ മായം ചേർക്കുന്നതിന് പാർലമെൻറ് അംഗത്വം കാരണമാകരുത് എന്നും വിശ്വസിച്ചു കൊണ്ട്; മൻമോഹൻ സിംഗിന്റെ കാലത്ത് കൊണ്ടുവന്ന “കോടതിവിധിയിലൂടെ പാർലമെൻറ് അംഗത്വം നഷ്ടമാകുന്നത്, തടയുന്നതിനുള്ള ഓർഡിനൻസ്” കീറിയെറിഞ്ഞ രാഹുൽ ഗാന്ധിക്ക് ഈ വിധി അംഗീകരിക്കാൻ സാധിക്കില്ല എന്നല്ല, മറിച്ച് എങ്ങനെയാണ് മോദിക്കെതിരെ സംസാരിച്ചത്, ഒരു സമുദായത്തിനെതിരെ സംസാരിച്ചു എന്ന വിധം കോടതി വിധി വരികയും, അതിനുമേൽ നിമിഷാർദ്ധങ്ങളിൽ ഇങ്ങനെയൊരു നടപടിയും ഉണ്ടാവുകയും ചെയ്തു എന്നുള്ളതാണ് ചോദ്യചിഹ്നം ആകുന്നത്.

ഇന്ത്യൻ ജനാധിപത്യം ഏവർക്കും തുല്യതയും സമത്വവുമാണ് നേരുന്നത്. എന്നാൽ ഈ കഴിഞ്ഞ നാളുകളിൽ അതിന് അപചയം ഉണ്ടാകുന്നുണ്ടോ എന്നുള്ളത് ഒരു ചോദ്യചിഹ്നം തന്നെയാണ്. ഇന്ത്യയിൽ രണ്ട് നീതി ആയി തുടങ്ങിയിരിക്കുന്നു എന്ന തോന്നൽ പോലും ജനാധിപത്യത്തിന് കളങ്കമേകുന്നു.

ഇന്ത്യൻ രാഷ്ട്രപിതാവിന്റെ ഘാതകനെ ആരാധിക്കുകയും, മലേഗാവ് സ്ഫോടനത്തിന്റെ പ്രതിയാക്കപ്പെടുകയും ചെയ്ത പ്രജ്ഞാ സിങ് പോലുള്ളവർ പാർലമെൻറ് അംഗത്വത്തിൽ തുടരുകയും; എന്നാൽ രാഹുലിനെ പോലെയുള്ളവർ കോടതിവിധിയുടെ തൊട്ടടുത്ത ദിവസം തന്നെ പാർലമെൻറ് അംഗത്വം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ; ജനാധിപത്യ വിശ്വാസികൾക്ക് ഇതിൽ എന്ത് നീതി കാരണമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഇന്ന് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് എന്തും പറയാം എന്നാൽ അതിനെ എതിർക്കുകയോ, വിമർശിക്കുകയോ ചെയ്താൽ ഉടൻ അവരെല്ലാം ദേശദ്രോഹികളും, കുറ്റവാളികളും ആയി ചിത്രീകരിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

ജനാധിപത്യത്തിൻറെ നിലനിൽപ്പിനും സംശുദ്ധീകരണത്തിനും അടിസ്ഥാന ഘടകങ്ങളായ വിമർശനവും, പ്രതിഷേധവും ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഭരണകൂടങ്ങൾ, ജനാധിപത്യം അല്ല മറിച്ച് ഏകാധിപത്യത്തിനാണ് വഴിതെളിക്കുക.

പ്രതിഷേധങ്ങളെ ചവിട്ടിയരിച്ചുകൊണ്ട് പോകുന്ന ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം; കൊടും തണുപ്പിൽ പാതയോരങ്ങളിൽ മരിച്ചുവീണ കർഷകരുടെ കണ്ണീര് കണ്ടില്ല, പീഡനങ്ങളിൽ പൊലിഞ്ഞുപോയ നമ്മുടെ സഹോദരിമാരുടെ കണ്ണീര് കണ്ടില്ല, സ്റ്റെൻ സാമി മാരെ പോലെ നീതി നിഷേധിക്കപ്പെട്ട നിരാലംബരുടെ കണ്ണീര് കണ്ടില്ല… എന്നാൽ ഭരണകൂടത്തിന് പിന്തുണയ്ക്കുന്ന മാധ്യമപ്രവർത്തകർക്ക് വേണ്ടി അടിയന്തര കോടതി ഇടപെടലുകൾ ഉണ്ടാവുകയും ചെയ്യുമ്പോൾ, അത് ഇന്ത്യൻ ജനാധിപത്യത്തിന് ഒരു നോവായി തന്നെ മാറുന്നു.

അഹിംസയിൽ ഊന്നിക്കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിരവധി ബഹിഷ്കരണ പ്രതിഷേധങ്ങളിലൂടെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിയുടെ പാരമ്പര്യമുള്ള ഇന്ത്യൻ ജനാധിപത്യം, അതിൻറെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ അതിനുണ്ടാകുന്ന അപജയങ്ങൾ കാലാന്തരത്തിൽ മാറ്റുക തന്നെ ചെയ്യും.

ജനാധിപത്യം ഓരോ രാഷ്ട്രീയക്കാരനെയും ഓർമിപ്പിക്കുന്ന ഒന്നുണ്ട്; ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നത് വരെയാണ് ഓരോ രാഷ്ട്രീയക്കാരനും ഏതെങ്കിലും ഒരു പാർട്ടിയുടേയോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു കൂട്ടം ആളുകളുടെയോ മാത്രം നേതാവാകുന്നത്; തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ പിന്നീട് ആ വ്യക്തിക്ക് എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണ് എന്നതും അവരുടെ തീരുമാനങ്ങൾ എല്ലാ ഇന്ത്യക്കാരനെയും ഉൾക്കൊള്ളുന്നതാവണം എന്നുള്ളത്.

അനൂപ് ജോസഫ്

Share this news

Leave a Reply

%d bloggers like this: