പ്രതിരോധ സേനയിലെ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ ചട്ടപ്രകാരമുള്ള അന്വേഷണം വേണമെന്ന് ഡിഫൻസ് ഫോഴ്സസ് റിവ്യൂ

പ്രതിരോധസേനയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും, ലിംഗപരമായ വിവേചനങ്ങളും സംബന്ധിച്ച പരാതികളില്‍ ചട്ടപ്രകാരമുള്ള അന്വേഷണങ്ങള്‍ കൃത്യമായി നടക്കണമെന്ന് സ്വതന്ത്ര ഡിഫന്‍സ് ഫോഴ്സസ് റിവ്യൂ. ഒരു വര്‍ഷക്കാലത്തോളം നീണ്ടുനിന്ന സ്വനതന്ത്ര അവലോകനത്തിന് ശേഷമാണ് സുപ്രധാനമായ നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്. സമിതി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

അവലോകനത്തിന്റെ ഭാഗമായി ഇന്റര്‍വ്യൂ ചെയ്യപ്പെട്ട വനിതാ പ്രതിരോധ സേനാംഘങ്ങളില്‍ 90 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായതായി പ്രതികരിച്ചു. എന്നാല്‍ ഈ കൂട്ടത്തില്‍ 76 ശതമാനം ആളുകളും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നും സ്വതന്ത്ര റിവ്യൂ സമിതി(IRG) കണ്ടെത്തി.

പരാതി നല്‍കിയത് കൊണ്ട് കാര്യമില്ല എന്ന കാരണത്താലാണ് ഭൂരിഭാഗം ആളുകളും ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നതെന്ന് IRG റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധ സേനയിലെ നിലവിലെ പരാതി സംവിധാനങ്ങള്‍ പര്യാപ്തമല്ല എന്നും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും IRG റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡിഫന്‍സ് ഫോഴ്സ് മാനേജ്മെന്റിലെ ഒരു വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ കീഴുദ്യോഗസ്ഥരോടുള്ള പെരുമാറ്റത്തില്‍ തങ്ങളുടെ അധികാരസ്ഥാനം ദുരുപയോഗം ചെയ്യുന്നതായി IRG സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ പ്രതിരോധസേനയില്‍ സമീപകാലത്തായി നടന്നിട്ടുള്ള മരണങ്ങളും, ആത്മഹത്യകളും സംബന്ധിച്ച അന്വേഷണങ്ങളും നടത്തണമെന്ന് റിവ്യൂ ഗ്രൂപ്പ് ആവശ്യപ്പെട്ടു. മെഡിക്കൽ ബോർഡിംഗ് പ്രക്രിയകൾ അന്വേഷിക്കുന്നതിനും പ്രതിരോധ സേനാംഗങ്ങളുടെ ആത്മഹത്യയെക്കുറിച്ചുള്ള പഠനത്തിനും സേനയ്ക്ക് പുറത്തുനിന്നുമുള്ള ഒരു വിദഗ്ദ്ധനെ നിയമിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതടക്കം നിരവധി നിര്‍ദ്ദേശങ്ങളാണ് IRG സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

IRG റിവ്യൂവിനെയും, നിര്‍ദ്ദേശങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട് The Women of Honour കൂട്ടായ്മ കഴിഞ്ഞ ദിവസം രംഗത്തെത്തി. ലിംഗാധിഷ്ഠിത അതിക്രമങ്ങളില്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍തീരുമാനം അനുയോജ്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. സര്‍വ്വീസിലിരിക്കെ ലിംഗാധി‍‍ഷ്ഠിത അതിക്രമങ്ങള്‍ക്ക് വിധേയരായ വനിതാ പ്രതിരോധ സേനാംഗങ്ങളുടെ കൂട്ടായ്മയാണ് The Women of Honour.

comments

Share this news

Leave a Reply

%d bloggers like this: