ഈ വർഷത്തെ ആദ്യപാദത്തിൽ അയർലൻഡിലെ പ്രോപ്പർട്ടി വിലയിൽ നേരിയ കുറവ്

അയര്‍ലന്‍ഡിലെ ഭവനവിലയില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ നേരിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. പ്രോപ്പര്‍ട്ടി വെബ്സൈറ്റായ Daft.ie പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആദ്യമൂന്ന് മാസങ്ങളില്‍ രാജ്യത്തെ പ്രോപ്പര്‍ട്ടി 0.3 ശതമാനത്തിന്റെ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് ലിസ്റ്റ് ചെയ്ത വിലകളിൽ ആദ്യ പാദത്തിൽ നേരിയ തോതിലാണെങ്കിലും കുറവ് രേഖപ്പെടുത്തുന്നത്.

ഈ വര്‍ഷം ആദ്യപാദത്തിലെ ശരാശരി പ്രോപ്പര്‍ട്ടി വില 308,497 യൂറോ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യപാദത്തിലെ ശരാശരി പ്രോപ്പര്‍ട്ടി വിലയേക്കാള്‍ 2.7 ശതമാനം കുടുതലാണ് ഇത്.

അതേസമയം ഡബ്ലിനിലെ പ്രോപ്പര്‍ട്ടി വിലയില്‍ 2022 ലെ അവസാനപാദത്തെ വിലയേക്കാള്‍ 2023 ലെ ആദ്യപാദത്തില്‍ 0.4 ശതമാനം കുറവ് രേഖപ്പെടുത്തി. കോര്‍ക്കില്‍ 0.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ലിമറിക്കില്‍ പ്രോപ്പര്‍ട്ടി വിലയില്‍ ഇരുപാദങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലാണ് പ്രോപ്പര്‍ട്ടി വിലയില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022 അവസാനപാദത്തേക്കാള്‍ 1.5 ശതമാനം കുറവാണ് ഗാല്‍വേയിലെ പ്രോപ്പര്‍ട്ടി വില. വാട്ടര്‍ഫോര്‍ഡില്‍ 0.8 ശതമാനം കുറവും രേഖപ്പെടുത്തി.

അതേസമയം ലഭ്യമായ വീടുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 1 ലെ കണക്ക് പ്രകാരം 13000 വീടുകളാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണ് ഇത്. എന്നാല്‍ 2019 ലെ ശരാശരിയായ 24200 വീടുകള്‍ എന്ന കണക്കിനേക്കാള്‍ വളരെ കുറവുമാണ്.

Share this news

Leave a Reply

%d bloggers like this: