ഇന്ത്യൻ യുവതിയും മക്കളും ഡബ്ലിനിൽ കൊല്ലപ്പെട്ട സംഭവം ; Unlawful killing എന്ന് ജൂറിയുടെ വിധി

ഡബ്ലിനില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. ന‌ടന്നത് unlawful killing ആണെന്ന് ഇന്‍ക്വസ്റ്റിനൊടുവില്‍ ജൂറി വിധിച്ചു.

2020 ഒക്ടോബര്‍ 28 നായിരുന്നു ഇന്ത്യക്കാരിയായ സീമ ബാനു(37), മകള്‍ അസ്ഫിറ(11), മകന്‍ ഫൈസാന്‍(6) എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സീമ ബാനുവിന്റെ ഭര്‍ത്താവ് സമീര്‍ സയ്യിദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ ഭാര്യയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നും, മക്കളുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു സമീര്‍ സയ്യിദ് അന്ന് പറഞ്ഞത്. എന്നാല്‍ മക്കളുടെ മരണത്തിനു പിന്നിലും ഇയാള്‍ തന്നെയായിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനകളുടെ അടിസ്ഥാനത്തില്‍ തെളിഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് ഒരാഴ്ച മുന്‍പ് സമീര്‍ സയ്യിദ് ജയിലില്‍ വച്ച് മരണപ്പെടുകയും ചെയ്തു.

മൂന്ന് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ നിന്നും വ്യക്തമായത്. ഇയാള്‍ മുന്‍പും സീമ ബാനുവിനെതിരെ ശാരീരിക അതിക്രമങ്ങള്‍ നടത്തിയിരുന്നതായി അന്ന് നടത്തിയ അന്വേഷണത്തിലും വ്യക്തമായിരുന്നു. ഭര്‍ത്താവില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലന്‍ഡിലും, ഇന്ത്യയിലും സീമ ബാനു അധികൃതരെ സമീപിച്ചിരുന്നു.

അമിതമായി നിയന്ത്രിക്കുന്ന സ്വഭാവത്തിന് ഉടമയാണ് സമീര്‍ എന്നതിനുള്ള തെളിവുകള്‍ കോടതിയില്‍ഗാര്‍ഡ കോടതിയില്‍ ഹാജരാക്കി. തന്റെ മക്കളോട് സംസാരിക്കാന്‍ സമീര്‍ അനുവദിക്കുന്നില്ല എന്ന് സീമ ബന്ധുക്കളോട് പറയുന്നതിന്റെ വീഡിയോ കോള്‍ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം തന്റെ ഭര്‍ത്താവ് അക്രമകാരിയല്ലെന്നും, അദ്ദേഹം ഇല്ലാതെ ജീവിക്കാന്‍ ആവില്ലെന്നും സീമ പറയുന്ന വിഡിയോയും ഫോണില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടായിരുന്നു. ഇത് സമീര്‍ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്നും, ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സമീറിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായും ഗാര്‍ഡ കണ്ടെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: