പോൺ നടിക്ക് പണം നൽകിയെന്ന കേസ് ; മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു ; ആരോപണങ്ങൾ നിഷേധിച്ച് ട്രംപ്

വിവാഹേതര ബന്ധം മറച്ചുവയ്ക്കുന്നതിനായി പോണ്‍ നടിക്ക് പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം മാന്‍ഹാറ്റന്‍ കോടതിയില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി.

2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി താനുമായുള്ള വിവാഹേതര ബന്ധങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി പോണ്‍ നടി സ്റ്റോര്‍മി ഡാനിയല്‍സ്, മുന്‍ പ്ലേബോയ് മോഡലായ കാരന്‍ മക്ഡഗല്‍ എന്നിവര്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെതിരായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാനായി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ട്രംപിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുണ്ട്.

ജഡ്ജിന് മുന്‍പില്‍ ഹാജരായ ശേഷം കുറ്റപത്രം വായിച്ചുകേട്ട ഡൊണാള്‍ഡ് ട്രംപ് തനിക്കെതിര ചാര്‍ജ്ജ് ചെയ്യപ്പെട്ട 34 ആരോപണങ്ങളും നിഷേധിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിനെതിരെ ഗുരുതര ക്രിമിനല്‍ കേസ് ചാര്‍ജ്ജ് ചെയ്യപ്പെടുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ട്രംപിന് വലിയ തിരിച്ചടിയാണ് നിലവിലെ കോടതി നടപടി. ക്രിമിനില്‍ കേസ് ചുമത്തപ്പെട്ടത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസ്സമാവില്ലെങ്കിലും എതിര്‍പാര്‍ട്ടികള്‍ ട്രംപിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആയുധമാക്കാന്‍ ഇടയുണ്ട്.

കോടതി നടപടികള്‍ക്ക് ശേഷം പ്രതികരണങ്ങള്‍ക്ക് തയ്യാറാവാതെ അദ്ദേഹം ഫ്ലോറിഡയിലേക്ക് മടങ്ങുകയും, അവിടെവച്ച് അനുയായികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. അമേരിക്കയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുമെന്ന് കരുതിയില്ലെന്നും, രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരില്‍ നിന്നും അതിനെ സംരക്ഷിക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ചരിത്രതത്തിലെ ഏറ്റവും ഇരുണ്ട സമയത്താണ് നാം ജീവിക്കുന്നതെന്നും ട്രംപ് തന്റെ അണികളോട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: