അയർലണ്ടിൽ വാഹന ഇൻഷുറൻസ് പ്രീമിയം 5% കുറഞ്ഞു

അയര്‍ലണ്ടില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തുക 5% കുറഞ്ഞതായി റിപ്പോര്‍ട്ട്. 2021-ലെ ആദ്യ മൂന്ന് മാസത്തെ അപേക്ഷിച്ച് 2022-ന്റെ ആദ്യ പാദത്തില്‍ ഈ കുറവ് വന്നതായാണ് Central Bank of Ireland-ന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ശരാശരി 578 യൂറോയാണ് വാഹന ഇന്‍ഷുറന്‍സിനായി ചെലവിടേണ്ടത്. പ്രീമിയം കുത്തനെ ഉയര്‍ന്ന 2017-നെ അപേക്ഷിച്ച് 135 യൂറോ കുറവാണിത്.

ബാങ്ക് പുറത്തുവിട്ട Private Motor Insurance Report പ്രകാരം, 2022-ലെ ആദ്യ ആറ് മാസത്തില്‍ 67,000 വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകളാണ് ഫയല്‍ ചെയ്തത്. ഇതില്‍ 94 ശതമാനവും വാഹനത്തിനുള്ള കേടുപാടുകള്‍ സംബന്ധിച്ചാണ്. ആളുകള്‍ക്ക് പരിക്ക് പറ്റിയതുമായി ബന്ധപ്പെട്ട് 6% ക്ലെയിമുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്.

ക്ലെയിമുകള്‍ തീര്‍പ്പാക്കാനായി 278 മില്യണ്‍ യൂറോ ചെലവിട്ടതായും ഇതില്‍ 55% തുക പരിക്കുകളുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ക്കാണ് നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. 45% തുക വാഹനത്തിന്റെ കേടുപാടുകള്‍ സംബന്ധിച്ച ക്ലെയിമുകള്‍ക്കാണ്.

വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണത്തില്‍ വലിയ തരത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും, പ്രീമിയം തുക കുറയുന്നില്ല എന്ന് Alliance for Insurance Reform ഡയറക്ടറായ പീറ്റര്‍ ബോലന്‍ഡ് പറയുന്നു. ക്ലെയിമുകളുടെ എണ്ണത്തില്‍ 42% കുറവ് വന്നിട്ടും, പ്രീമിയം തുക 5% മാത്രമാണ് കുറഞ്ഞത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം, ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: