അയര്‍ലണ്ടിലെ Gross Domestic Product (GDP)-ല്‍ 9.4% വളര്‍ച്ച. Central Statistics Office (CSO) ആണ് 2022-ലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിട്ടത്. ഒപ്പം ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്.
ഒരു രാജ്യത്തെ ആകെ സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തെയാണ് GDP എന്ന് പറയുന്നത്.
രാജ്യത്തെ ബഹുരാഷ്ട്രകമ്പനികളുടെ വളര്‍ച്ചയാണ് GDP വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. 15.6% ആണ് അയര്‍ലണ്ടിലെ ബഹുരാഷ്ട്രകമ്പനികള്‍ 2022-ല്‍ രേഖപ്പെടുത്തിയ വളര്‍ച്ച. മറ്റ് മേഖലകളാകട്ടെ 5.6% വളര്‍ച്ച നേടി.
രാജ്യത്ത് നിന്നുള്ള കയറ്റുമതി 13.9% ഉയര്‍ന്നപ്പോള്‍, ഇറക്കുമതി 15.9% വര്‍ദ്ധിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിതാണ് 2022-ല്‍ വലിയ രീതിയില്‍ വളര്‍ച്ച നേടാന്‍ സഹായിച്ചതെന്ന് CSO വ്യക്തമാക്കി. ഗതാഗതം, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നീ മേഖലകള്‍ 16.9% വളര്‍ച്ച നേടിയപ്പോള്‍, കൃഷി, മത്സ്യബന്ധനമേഖല, വനപരിപാലനം എന്നിവ 6.3% വളര്‍ച്ചയുണ്ടാക്കി. നിര്‍മ്മാണമേഖല, റിയല്‍ എസ്‌റ്റേറ്റ് എന്നിവയുടെ വളര്‍ച്ച 4.2% ആണ്.
അതേസമയം 2023-ന്റെ ആദ്യപാദത്തില്‍, മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് GDP 2.8% ഇടിഞ്ഞിട്ടുണ്ട്. ഇന്‍ഷുറന്‍സ്, നിര്‍മ്മാണമേഖല, ഐടി എന്നിവയെല്ലാം വളര്‍ച്ചയുടെ പാതയിലാണെങ്കിലും, സര്‍ക്കാര്‍ ചെലവ്, നിക്ഷേപങ്ങള്‍, വ്യവസായം എന്നിവയില്‍ കുറവ് സംഭവിച്ചു.