ഏതാനും ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുറഞ്ഞത് അയര്‍ലണ്ടില്‍ പ്രഭാതഭക്ഷണം ഉണ്ടാക്കാനുള്ള ചെലവ് കുറച്ചതായി റിപ്പോർട്ട്. Beaking News.ie നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ ലഭ്യമായത്.
ബ്രെഡ്, ബേക്കണ്‍, സോസേജുകള്‍, ബട്ടര്‍, പാല്‍, തക്കാളി എന്നിവയ്ക്ക് കഴിഞ്ഞ മാസത്തെക്കാള്‍ നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടെ ഇവ ഉള്‍പ്പെടുത്തിയ പ്രഭാതഭക്ഷണത്തിനുള്ള ആകെ ചെലവ് ശരാശരി 34.76 യൂറോ ആയി കുറഞ്ഞു. 12 സെന്റാണ് കുറഞ്ഞത്.
അതേസമയം ഒരു വര്‍ഷം മുമ്പ് 31.48 യൂറോ ആയിരുന്നു പ്രഭാതക്ഷണണത്തിന്റെ ശരാശരി ചെലവ്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയില്‍ ചെറിയ കുറവുണ്ടായെങ്കിലും, ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 10% അധികമാണ് നിലവില്‍ രാജ്യത്ത് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാനായി ചെലവിടേണ്ടത്. ബ്രൗണ്‍ ബ്രെഡിന് ഒരു വര്‍ഷത്തിനിടെ 8 സെന്റ് വര്‍ദ്ധിച്ച് 1.85 യൂറോ ആയി. രണ്ട് ലിറ്റര്‍ പാലിന് 28 സെന്റ് വര്‍ദ്ധിച്ചു. അര കിലോ ബട്ടറിന്റെ വില 29 സെന്റ് വര്‍ദ്ധിച്ച് 3.75 യൂറോ ആയി.
ബാക്ക് ബേക്കണ് നിലവിലെ വില കിലോയ്ക്ക് 10.76 യൂറോ ആണ്. കഴിഞ്ഞ വര്‍ഷം ഇത് 9.86 യൂറോ ആയിരുന്നു. പോര്‍ക്ക് സോസേജ് കിലോയ്ക്ക് 52 സെന്റ് വര്‍ദ്ധിച്ച് 6.96 യൂറോ ആയി. അര ഡസന്‍ വലിയ മുട്ടയുടെ വില 2.22 യൂറോ ആണ്. മുന്‍വര്‍ഷം ഇത് 1.88 യൂറോ ആയിരുന്നു.
ശതമാനക്കണക്കെടുത്താല്‍ ഒരു വര്‍ഷത്തിനിടെ മുട്ടയ്ക്ക് 18.1%, പാലിന് 14.3%, ബട്ടറിന് 11.4%, ചായയ്ക്ക് 9%, കാപ്പിക്ക് 8.7% എന്നിങ്ങനെ വിലവര്‍ദ്ധിച്ചതായാണ് Central Statistics Office (CSO) പറയുന്നത്. ബ്രെഡ്ഡിന് 8%, പോര്‍ക്കിന് 7.2%, ഫ്രഷ് പഴങ്ങള്‍ക്ക് 7%, ജാം, തേന്‍, മാര്‍മലെയ്ഡ്‌സ് എന്നിവയ്ക്ക് 6.6%, ബ്രേക്ക്ഫാസ്റ്റ് സെറീല്‍സിന് 5.9% എന്നിങ്ങനെയും വില വര്‍ദ്ധിച്ചു.
അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ വില കുറയുന്നുണ്ട്. പല സൂപ്പര്‍മാര്‍ക്കറ്റുകളും സ്വന്തം ബ്രാന്‍ഡില്‍ വില്‍ക്കുന്ന പാലിന് കഴിഞ്ഞ മാസം വില കുറച്ചിരുന്നു.
700-ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് ശരാശരി 10 സെന്റ് വീതം കുറയ്ക്കാനുള്ള Tesco തീരുമാനത്തെ ധനമന്ത്രി Michael McGrath അഭിനന്ദിക്കുകയും ചെയ്തിരുന്നു.
വിലക്കയറ്റത്തിനിടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വലിയ ലാഭമുണ്ടാക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നെങ്കിലും, പലചരക്ക് സാധനങ്ങള്‍ക്ക് വില കൂട്ടിവില്‍ക്കുന്നില്ലെന്ന് കണ്ടെത്തിയതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞിരുന്നു.