കേരളത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയക്കാരില്‍ ഒരാളും, മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 4.25-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചിത്. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30-ന് പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ നടക്കും.
ഭൗതികശരീരം ഇന്ന് എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ച ശേഷം, കെപിസിസി ആസ്ഥാനത്തും, ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയാണ്. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചതാണ് കക്ഷിരാഷ്ടീയമെന്യേ ഉമ്മന്‍ ചാണ്ടി ഏവര്‍ക്കും പ്രിയങ്കരനാകാന്‍ കാരണം. മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ പലയിടങ്ങളിലായി നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം യുഎന്നിന്റെ അടക്കം പ്രശംസയേറ്റുവാങ്ങി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം അടക്കം സംസ്ഥാനത്തെ നിരവധി വികസനപ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യമാകാന്‍ പ്രയത്‌നിച്ചു.
1943 ഒക്ടോബര്‍ 31-ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ ചാണ്ടിയുടെയും, ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യുവിലൂടെ സംഘടനാപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1962-ല്‍ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 1965-ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, 1967-ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1969-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
2004-2006 കാഘട്ടത്തിലും, 2011-2016 കാലത്തും കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായതിന്റെ റെക്കോര്‍ഡ്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നും തുടര്‍ച്ചയായി 12 തവണയാണ് അദ്ദേഹം ജയിച്ചുകയറിയത്. 1970-ല്‍ ആദ്യമായി നിയമസഭയിലെത്തുമ്പോള്‍ 27 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
തൊഴില്‍മന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടി യുഡിഎഫ് കണ്‍വീനറായും സേവനമനുഷ്ഠിച്ചു. 2006-2011 കാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു.
നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും, എഐസിസി ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം.
ഭാര്യ: മറിയാമ്മ (കനറാ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥ)
മക്കള്‍: മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍