ആവേശജനകമായ ഓള്‍ അയര്‍ലണ്ട് സീനിയര്‍ ഫുട്‌ബോള്‍ ഫൈനലിനോടനുബന്ധിച്ച് അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍. ഞായറാഴ്ച ഡബ്ലിനിലെ Croke Park-ല്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കെറി, ഡബ്ലിനെ നേരിടും. വൈകിട്ട് 3.30-നാണ് മത്സരം ആരംഭിക്കുക.
ഫൈനലിന് പലയിടത്ത് നിന്നായി ഫുട്‌ബോള്‍ ആരാധകര്‍ എത്തുന്നത് മുന്‍കൂട്ടിക്കണ്ടാണ് ഈ വാരാന്ത്യത്തില്‍ Tralee-യില്‍ നിന്നും Killarney-യില്‍ നിന്നും Heuston Station-ലേയ്ക്കും തിരിച്ചും ട്രെയിനുകള്‍ അധികസര്‍വ്വീസ് നടത്തുക.
പതിവായി രാവിലെ 7.10-ന് Heuston വരെ പോകുന്ന Tralee- Cork സര്‍വീസിന് പുറമെ രാവിലെ 8.55-ന് Killarney-യില്‍ നിന്നും, 9.30-ന് Tralee-യില്‍ നിന്നും Heuston-ലേയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. വൈകിട്ട് 7.30-ന് ഡബ്ലിനില്‍ നിന്നും തിരികെ Tralee-യിലേയ്ക്കും, 8 മണിക്ക് Killarney-ലേയ്ക്കും സര്‍വീസ് ഉണ്ടാകും.
അതേസമയം ഈ മാസം 29, 30 തീയതികളിലായി Co Wicklow-യിലെ Bray-യില്‍ വിമാനങ്ങളുടെ അഭ്യാസപ്രകടനമായ Bray Air Display-യും നടക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് Bray-യില്‍ നിന്നും, തിരിച്ചും അധിക Dart സര്‍വീസുകള്‍ ഉണ്ടാകും.
ഇവയ്ക്ക് പുറമെ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, സീസണ് മുന്നോടിയായുള്ള മത്സരത്തില്‍ Celtic ടീം Wolves-നെ നേരിടും. Aviva സ്‌റ്റേഡിയത്തിലാണ് മത്സരം.
ആളുകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ നേരത്തെ തന്നെ യാത്ര പുറപ്പെടണമെന്ന് Irish Rail ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. അതേസമയം മത്സരങ്ങള്‍ കാണാനല്ലാതെ യാത്ര ചെയ്യുന്നവര്‍, യാത്ര മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് റെയില്‍വേ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.