അയര്‍ലണ്ടിലെ വീടുകള്‍ക്കും, വ്യാപാരസ്ഥാപനങ്ങള്‍ക്കും എനര്‍ജി ചെലവിനായി സഹായം നല്‍കുന്ന പദ്ധതി ഈ വരുന്ന ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. നിലവില്‍ ഊര്‍ജ്ജവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണെന്നും, തണുപ്പുകാലത്ത് രാജ്യത്തെ നിരവധിയാളുകള്‍ക്ക് ഊര്‍ജ്ജം സംബന്ധിച്ച ചെലവിനായി സര്‍ക്കാര്‍ സഹായം വേണ്ടിവരുമെന്നും വരദ്കര്‍ വ്യക്തമാക്കി.
അതേസമയം ഇതിന് പുറമെ വീടുകളുടെ അറ്റകുറ്റപ്പണി, സോളാര്‍ പാനല്‍ ഘടിപ്പിക്കല്‍ എന്നിവയ്ക്കും സര്‍ക്കാര്‍ ഈ ബജറ്റില്‍ ഫണ്ട് വകയിരുത്തിയേക്കും. സോളാര്‍ വഴി ഊര്‍ജ്ജം ശേഖരിക്കുന്നതിനുള്ള ചെലവ് വളരെ കുറവാണെന്നതിനാലാണ് ഇത്.
വൈദ്യുതി, ഗ്യാസ് എന്നിവയുടെ വില കുറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും, പക്ഷേ അതിന്റെ ഗുണം ഉടനടി ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതുന്നില്ലെന്നും വരദ്കര്‍ പറഞ്ഞു. അതിനാല്‍ സഹായധനം വേണ്ടെന്ന് പറയാനാകില്ല. അതേസമയം എത്തരത്തിലാകും പദ്ധതി നടപ്പിലാക്കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നും, പക്ഷേ ഏറ്റവും എളുപ്പമുള്ള വഴിയില്‍ സഹായം ലഭ്യമാക്കുമെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു. ബില്ലില്‍ തുക കുറയുന്ന തരത്തിലായേക്കും പദ്ധതിയെന്നും, എല്ലാവര്‍ക്കും സഹായം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരുമാനം കുറഞ്ഞ വീട്ടുകാര്‍ക്ക് അധികസഹായവും ലഭിച്ചേക്കും.