അയ്യയ്യേ നാണക്കേട്…! അയർലണ്ടിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷാമുന്നറിയിപ്പുമായി യുഎസ് എംബസി

അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ അമേരിക്കന്‍ പൗരന്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പുമായി ഡബ്ലിനിലെ യുഎസ് എംബസി. കഴിഞ്ഞയാഴ്ചയാണ് യുഎസ് പൗരനായ ടൂറിസ്റ്റ് Stephen Termini (57)-ക്ക് ഏതാനും ചെറുപ്പക്കാരില്‍ നിന്നും ക്രൂരമായ ആക്രമണം നേരിടേണ്ടിവന്നത്. പരിക്കുകളെത്തുടര്‍ന്ന് ഇദ്ദേഹം ഐസിയുവിലാണ്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നാണ് കരുതുന്നത്.

പരിചിതമല്ലാത്ത സ്ഥലങ്ങള്‍, ആള്‍ക്കൂട്ടം, വിജനമായ തെരുവുകള്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നാണ് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റയ്ക്കുള്ള യാത്രയും, രാത്രി യാത്രയും ഒഴിവാക്കണമെന്നും പറഞ്ഞിട്ടുണ്ട്. ഫോണില്‍ സംസാരിച്ചോ, ഹെഡ്‌ഫോണില്‍ പാട്ട് കേട്ടോ യാത്ര ചെയ്യരുത്. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശം വച്ചുള്ള യാത്രകളും ഒഴിവാക്കുക. പണവും മറ്റും തട്ടിയെടുക്കുന്നിതിനിടെയാണ് പല ആക്രമണങ്ങളും നടക്കുന്നത്.

ഇതിന് മുമ്പ് 2022 ഒക്ടോബറില്‍ അയര്‍ലണ്ടിലെത്തുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, അത് സാധാരണ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മാത്രമായിരുന്നു.

അതേസമയം രാജ്യത്തെ പൊലീസ് സേനയായ ഗാര്‍ഡയില്‍ അംഗങ്ങളുടെ കുറവ് അനുഭവപ്പെടുന്നതാണ് സമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്നതിന് പ്രധാനകാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. പട്രോളിങ്ങിന് ആവശ്യമായ ഗാര്‍ഡകളെ കിട്ടാത്ത അവസ്ഥയാണ്. ഈ വര്‍ഷം ഇതുവരെ 240-ഓളം പേരാണ് ഗാര്‍ഡയില്‍ നിന്നും വിരമിക്കുകയോ, രാജിവയ്ക്കുകയോ ചെയ്തത്. അതേസമയം പകരം ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്ത് ആവശ്യത്തിനുള്ള അംഗബലം നിലനിര്‍ത്താന്‍ അധികൃതര്‍ക്ക് സാധിക്കുന്നുമില്ല.

പൊതുവെ സഞ്ചാരികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സ്ഥലമാണ് അയര്‍ലണ്ട് എങ്കിലും, സമീപകാലത്തെ ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്.

Share this news

Leave a Reply

%d bloggers like this: