പ്രശസ്ത ഐറിഷ് ഗായിക Sinéad O’Connor അന്തരിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ ജൂലൈ 26 ബുധനാഴ്ചയാണ് O’Connor-നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു.
മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.
ഇതുവരെ 10 ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുള്ള Sinéad O’Connor, പ്രശസ്തമായ ഗ്രാമി അവാര്‍ഡ് ജേതാവുമാണ്. 1990-ല്‍ പുറത്തിറങ്ങിയ Nothing Compares 2 U എന്ന ഗാനം ആഗോളതലത്തില്‍ ഹിറ്റായതോടെയാണ് അവര്‍ പ്രശസ്തിയിലേക്കുയരുന്നത്. ഗായികയ്ക്ക് പുറമെ ഗാനരചയിതാവ്, സംഗീതവംവിധായിക എന്നീ നിലകളിലും പ്രശസ്തി നേടി.
സംഗീത ലോകത്തിന് പുറത്ത് ശക്തമായ സാമൂഹിക, രാഷ്ട്രീയ നിലപാടുകളും, തുറന്നുപറച്ചിലകളും കൊണ്ട് ശ്രദ്ധേയയായ വ്യക്തി കൂടിയാണ് Sinéad O’Connor.
1987-ല്‍ അവര്‍ പുറത്തിറക്കിയ ആദ്യ ആല്‍ബമായ The Lion And The Cobra, വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. 1990-ല്‍ രണ്ടാമത്തെ ആല്‍ബമായ I Do Not Want What I Haven’t Got വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. ഇതിലെ Nothing Compares 2 U എന്ന ഗാനത്തിലൂടെയാണ് O’Connor, ആഗോളതലത്തില്‍ പ്രശസ്തയാകുന്നത്. നേരത്തെ അമേരിക്കന്‍ സംഗീതജ്ഞനായ പ്രിന്‍സ് രചിച്ച ഗാനത്തിന്, തന്റേതായ വേര്‍ഷന്‍ നല്‍കുകയായിരുന്നു O’Connor.
ആല്‍ബത്തിന് ഗ്രാമി അവാര്‍ഡ് ലഭിച്ചെങ്കിലും, പ്രതിഷേധസൂചകമായി, O’Connor അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുത്തില്ല. അവാര്‍ഡുകള്‍ എന്നത് മിക്കപ്പോഴും കലയുടെ വാണിജ്യകാര്യങ്ങള്‍ മാത്രമാണ് വിലയിരുത്തുന്നതെന്ന് അക്കാദമിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയ അവര്‍, മനുഷ്യവംശത്തെ പ്രചോദിപ്പിക്കുകയും, ഏതെങ്കിലും രീതിയില്‍ നേര്‍വഴിക്ക് നടത്തുകയും, സാന്ത്വനിപ്പിക്കുകയുമാണ് കലാകാരിയുടെ ഉദ്ദേശ്യമെന്നും കൂട്ടിച്ചേര്‍ത്തു. നമ്മളെല്ലാം തുല്യരാണെന്നും O’Connor കത്തില്‍ എഴുതി.
1991-ല്‍ ‘Artist of the Year’ ആയും Rolling Stone മാഗസിന്‍ O’Connor-നെ തെരഞ്ഞെടുത്തു. അതുല്യമായ കലാപ്രതിഭയായിരുന്നു O’Connor-ന്റെ ജനപ്രീതിക്ക് പിന്നില്‍.
2014-ല്‍ പുറത്തിറക്കിയ I’m Not Bossy, I’m The Boss ആണ് അവസാന ആല്‍ബം.
Jake, Rosin, Yeshua എന്നിങ്ങനെ മൂന്ന് മക്കളാണ് O’Connor-ന്. മറ്റൊരു മകനായ Shane കഴിഞ്ഞ വര്‍ഷം 17-ആമത്തെ വയസില്‍ അന്തരിച്ചിരുന്നു.