‘ഹലോ അമ്മേ, എന്റെ ഫോൺ കേടായി’; അയർലണ്ടിൽ പുതിയ അടവുമായി തട്ടിപ്പുകാർ

കുടുംബാംഗമായി ആള്‍മാറാട്ടം നടത്തിയുള്ള പണത്തട്ടിപ്പ് അയര്‍ലണ്ടില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി Bank of Ireland. നിങ്ങളുടെ കുടുംബത്തിലെ ആരുടെയെങ്കിലും പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നത്. തന്റെ ഫോണ്‍ നഷ്ടപ്പെടുകയോ, കേടാവുകയോ ചെയ്‌തെന്ന് വിശ്വസിപ്പിച്ച്, പണം ആവശ്യപ്പെടുന്നതാണ് രീതി. ഇവര്‍ അയച്ചുതരുന്ന ലിങ്കില്‍ കയറിയാല്‍ എത്തുന്ന വെബ്‌സൈറ്റ്, നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്.

ജൂലൈ മാസത്തില്‍ ഇത്തരം തട്ടിപ്പുകള്‍ 25% വര്‍ദ്ധിച്ചതായി Bank of Ireland പറയുന്നു.

മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെയെല്ലാം പേരിലാണ് ഈ തട്ടിപ്പ് നടക്കുന്നത്. ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ മെസേജ് അയയ്ക്കുന്ന നമ്പര്‍ പുതിയതാണെന്നും, കുറച്ച് പണം തന്ന് സഹായിക്കണമെന്നും പറയുന്നു. അടുത്ത ബന്ധുക്കളാണ് മെസേജ് അയയ്ക്കുന്നതെന്ന് കരുതി സ്വന്തം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ പലരും മടി കാണിക്കുകയുമില്ല. ശേഷം ബാങ്കില്‍ നിന്നും വരുന്ന കോഡ് പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടുന്നതോടെ നമ്മുടെ അക്കൗണ്ട് കാലിയാകും. ചിലപ്പോഴൊക്കെ തട്ടിപ്പുകാര്‍ തരുന്ന അക്കൗണ്ടിലേയ്ക്ക്, ബാങ്കിന്റെ ബ്രാഞ്ചില്‍ പോയി പണം അയയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്.

ഓരോ സീസണിലും ഓരോ തട്ടിപ്പ് രീതിയുമായാണ് ഇവര്‍ ഇറങ്ങുന്നതെന്ന് Bank of Ireland-ന്റെ പണംതട്ടിപ്പ് നിരീക്ഷണ വിഭാഗം തലവനായ Nicola Sadlier പറഞ്ഞു. നേരത്തെ ബാങ്ക് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഗാര്‍ഡ എന്നീ പേരുകളില്‍ തട്ടിപ്പ് നടത്തിയിരുന്നു.

അവധിയാഘോഷത്തിന് പോയ മക്കളുടെയോ, ബന്ധുക്കളുടെയോ പേരില്‍ ഇത്തരം മെസേജ് വരുമ്പോള്‍, അവരുടെ നമ്പറുകളില്‍ വിളിച്ചിട്ട് കിട്ടാതെ വരുന്നതാണ് പലപ്പോഴും തട്ടിപ്പുകാര്‍ക്ക് സൗകര്യമാകുന്നത്. ആധി കയറുന്നതോടെ നാം വേഗം പണം അയച്ചുകൊടുക്കുകയും ചെയ്യും.

തട്ടിപ്പിനെതിരെയുള്ള മുന്‍കരുതലുകളായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1.സ്വന്തം ബന്ധുക്കളുടെ പേരില്‍ വരുന്ന ഇത്തരം മെസേജുകളിലെ ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.

2.ബന്ധുവിന്റെ നമ്പറിലേയ്ക്ക് വിളിച്ച്, ഇത്തരമൊരു മെസേജ് അയച്ചോ എന്ന് ഉറപ്പ് വരുത്തുക.

3.ബന്ധുവിനെ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍, നിങ്ങളുടെ കുടുംബാഗങ്ങള്‍ക്ക് മാത്രം അറിയാവുന്ന എന്തെങ്കിലും കാര്യം ചോദിക്കുക. തട്ടിപ്പുകാരാണെങ്കില്‍ ശരിയായ ഉത്തരം നല്‍കാന്‍ കഴിയില്ല.

4.സംശയാസ്പദമായ മെസേജ് ലഭിച്ചാല്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട്, 365Security@boi.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചശേഷം മെസേജ് ഡിലീറ്റ് ചെയ്യുക.

5.Bank of Ireland ഉപഭോക്താക്കളാണെങ്കില്‍, ബാങ്ക് വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈയിലെത്തിയെന്ന് തോന്നിയാല്‍, ഉടന്‍ തന്നെ സൗജന്യ നമ്പറായ 1800 946 764-ല്‍ (24 മണിക്കൂര്‍ സേവനം) വിളിച്ച് കാര്യം പറയുക.

6.കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://boi.com/security
http://www.fraudsmart.ie

Share this news

Leave a Reply

%d bloggers like this: