അയര്‍ലണ്ടില്‍ ഉടന്‍ തന്നെ പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ലിയോ വരദ്കര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ Fine Gael, 2024 ആദ്യം പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ സഖ്യകക്ഷികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് വിശദീകരണവുമായി വരദ്കര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
സാധാരണഗതിയില്‍ 2025 വസന്തകാലത്താണ് ഇനി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അത് നേരത്തെയാക്കുമെന്നായിരുന്നു സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍.
രാജ്യത്ത് ഇനി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ 2024 ജൂണിലെ ലോക്കല്‍, യൂറോപ്യന്‍ പോളുകള്‍ ആയിരിക്കുമെന്നും വരദ്കര്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകള്‍ തന്നെ വരുന്ന ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ Fine Gael നേടുമെന്ന പ്രതീക്ഷ വരദ്കര്‍ പങ്കുവച്ചു. എന്നാല്‍ 2025-ലെ പൊതുതെരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമാണ് ഉണ്ടാകുകയെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുന്ന തെരഞ്ഞെടുപ്പുകളിലും താന്‍ തന്നെ Fine Gael-നെ നയിക്കുമെന്നും 44-കാരനായ വരദ്കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 50 വയസ് തികയുന്നതോടെ താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ അത്തരമൊരു തീരുമാനം തനിക്കില്ലെന്നാണ് വരദ്കര്‍ പറയുന്നത്.