ബ്രിട്ടനിൽ പുതിയ കോവിഡ് വകഭേദം പടരുന്നു; അയർലണ്ടിലും ജാഗ്രത

ഏരിസ് (E.G 5.1) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ബ്രിട്ടനിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന 7 കേസുകളിൽ ഒരെണ്ണം വീതം ഏരിസ് മൂലമാണെന്നും അതിനാൽ തന്നെ ബ്രിട്ടനിലെ ആരോഗ്യപ്രവർത്തകർ ജാഗ്രതയിൽ ആണെന്നും ഇംഗ്ലണ്ടിലെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വൈകാതെ അയർലണ്ടിലും ഈ വകഭേദം സ്ഥിരീകരിച്ചേക്കാമെന്ന് ആശങ്കയുണ്ട്.

ജൂലൈ 31-ന് ആണ് ബ്രിട്ടനിൽ പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ഈ വ്യാപനം സംഭവിക്കുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളോടും ജാഗ്രത പാലിക്കാനും കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരാനും ലോകാരോഗ്യസംഘടന (WHO) നിർദേശം നൽകി. UK-യിലെ റെസ്പിറേറ്ററി ഡാറ്റമാർട്ട് സിസ്റ്റം വഴി റിപ്പോർട്ട് ചെയ്ത 4396-ൽ 5.4% ആളുകൾക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു. രോഗികളുടെ ആശുപത്രി പ്രവേശന നിരക്ക് 1 .17-ൽ നിന്നും 1.97 ആയി ഉയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

WHO നിരീക്ഷിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇപ്പോൾ ഏരിസും ഇടം പിടിച്ചിട്ടുണ്ട്. നിലവിൽ 45 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ജലദോഷം, പനി, തലവേദന തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. മോശം കാലാവസ്ഥയും പ്രതിരോധശേഷിയുടെ കുറവും ഏരിസ് പടർന്ന്‌ പിടിക്കുന്നതിന് സാഹചര്യം സൃഷ്ടിക്കുന്നു എന്നും പറയുന്നു.

Share this news

Leave a Reply

%d bloggers like this: