കോർക്കിൽ കൊല്ലപ്പെട്ട മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ സംസ്കാരച്ചടങ്ങുകൾ ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഹൊസൂരിൽ വച്ച് നടക്കും. അന്ന് കാലത്ത് തന്നെയാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നത്. ശേഷം രാവിലെ 8:30 മുതൽ ഉച്ചക്ക് 1:30 വരെ ചിന്നക്കൊലു അസലാന്തം റോഡിലെ N.B.R Homes- ലുള്ള വീട്ടിൽ പൊതുദർശനത്തിനു വയ്ക്കുന്നതായിരിക്കും.
ദീപയുടെ സഹോദരൻ ഉല്ലാസ് ദിനമണി അയർലണ്ടിൽ എത്തി ദീപയുടെ 5 വയസ്സുള്ള മകനെ ഏറ്റ് വാങ്ങി. മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത കോർക്ക് ഇന്ത്യൻ സൊസൈറ്റിക്ക് ഉല്ലാസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കോർക്കിലെ ഇന്ത്യൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാനായി ഐഡൊണേറ്റ് പ്ലാറ്റ്ഫോമിലൂടെ 25,000 യൂറോ സമാഹരിച്ചിരുന്നു.
ജൂലൈ 14 വെള്ളിയാഴ്ച രാത്രിയിലാണ് കോർക്ക്, വിൽട്ടൺ കാർഡിനൽ റെസിഡൻഷ്യൽ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയിൽ ദീപ ദിനമണിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗാർഡ അറസ്റ്റ് ചെയ്ത ഭർത്താവ് തൃശ്ശൂർ സ്വദേശി റിജിൻ രാജൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. ഓഗസ്റ്റ് 28-ന് വീണ്ടും റിജിനെ കോർക്ക് ജില്ലാ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ 14 വർഷമായി ഇൻഫോസിസ്, സീറോക്ക്‌സ്, അപെക്സ് ഫണ്ട് സർവീസസ് തുടങ്ങിയ പല സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം ഈ വർഷം ഏപ്രിലിൽ ആണ് ദീപ, കോർക്ക് എയർപോർട്ട് ബിസിനസ്സ് പാർക്കിൽ പ്രവർത്തിക്കുന്ന ആൾട്ടർ ഡോമസിൽ സീനിയർ ഫണ്ട് സർവീസ് മാനേജരായി ജോലിയിൽ പ്രവേശിച്ചത്.