അയര്‍ലണ്ടില്‍ ഓരോ അരമണിക്കൂറിലും ഒരാള്‍ വീതം മദ്യപിച്ച് അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വണ്ടിയോടിക്കുന്ന കുറ്റത്തിന് അറസ്റ്റിലാക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റിലെ ബാങ്കവധി വാരാന്ത്യത്തില്‍ 181 പേരെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഗാര്‍ഡ അറസ്റ്റ് ചെയ്തത്.
Road Enforcement Campaign-ന്റെ ഭാഗമായി ദിവസം തോറും ഇത്തരത്തില്‍ നടക്കുന്ന നിയമലംഘനങ്ങളുടെ കണക്കുകള്‍ ഗാര്‍ഡ പുറത്ത് വിട്ടു. ലഹരിയുപയോഗിച്ച് വാഹനമോടിക്കുക എന്ന കുറ്റത്തിന് പുറമെ അമിതവേഗതയില്‍ വണ്ടിയോടിക്കുന്നവരുടെ എണ്ണത്തിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
അവധിദിനമായ ഞായറാഴ്ചയിലെ മാത്രം 381 കാറുകളാണ് അമിതവേഗതയില്‍ ഓടിച്ചതിന് പിടിക്കപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ചയില്‍ ഈ സംഖ്യ ഇരട്ടിയോളം ഉയര്‍ന്ന് 700-ന് മുകളിലായി. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെയും, അമിതവേഗതയില്‍ വാഹനമോടിക്കുന്നതിന്റെയും അപകടങ്ങളെ കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ടെന്നാണ് ആശങ്ക ജനിപ്പിക്കുന്ന ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാറുകളില്‍ breath analyzer ഘടിപ്പിക്കണമെന്നും, കാര്‍ നിര്‍മാതാക്കള്‍ കാറുകളില്‍ intoxicator gadgets ഘടിപ്പിക്കണമെന്നും Irish Road Victims Association വക്താവ് Leo Leighio ആവശ്യപ്പെട്ടു. കൂടാതെ സര്‍ക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള Penalty Points കൂട്ടുകയോ, പിഴ തുക വര്‍ദ്ധിപ്പിക്കുകയോ മാത്രം ചെയ്യാതെ, ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.