അയര്‍ലണ്ടില്‍ ആറ്, ഏഴ് വയസുകാരായ കുട്ടികള്‍ക്ക് സൗജന്യമായി ഡോക്ടര്‍മാരെ (General Practitioner) കാണുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തങ്ങളുടെ കുട്ടികള്‍ക്ക് ജിപി വിസിറ്റ് കാര്‍ഡിനായി രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
2023 ബജറ്റിലാണ് ആറ്, ഏഴ് പ്രായക്കാരായ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അതേസമയം കൂടുതല്‍ പേരെ പദ്ധതിയില്‍ അംഗങ്ങളാക്കുന്നത് ഡോക്ടര്‍മാര്‍ക്ക് മേല്‍ അമിതസമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു. എന്നാല്‍ Irish Medical Organisation-മായി HSE ഉണ്ടാക്കിയ കരാര്‍ പ്രകാരം, കൂടുതല്‍ പേര്‍ എത്തുന്നതോടെ ജിപിമാര്‍ക്ക് അധികസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അര്‍ഹരായവരുടെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പേര് HSE വെബ്‌സൈറ്റില്‍ (https://www2.hse.ie/services/schemes-allowances/gp-visit-cards/gp-visit-cards/) രജിസ്റ്റര്‍ ചെയ്ത് വിസിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. ഈ കാര്‍ഡുപയോഗിച്ച് കുട്ടിക്ക് സൗജന്യമായി ജിപി കണ്‍സള്‍ട്ടേഷന്‍ ലഭിക്കും. അതേസമയം മരുന്ന്, മറ്റ് ചികിത്സകള്‍ എന്നിവ സൗജന്യമായിരിക്കില്ല.
പദ്ധതിയില്‍ അംഗങ്ങളാകാനുള്ള വരുമാനപരിധി രണ്ട് ഘട്ടമായി ഉയര്‍ത്തി (സെപ്റ്റംബര്‍ 11, നവംബര്‍ 13 എന്നീ തീയതികളില്‍) പദ്ധതി കൂടുതല്‍ വിശാലമാക്കുമെന്നും HSE അറിയിച്ചിട്ടുണ്ട്.