ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ തല്ലുകയോ, ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഹിന്ദു പരിഷത് അംഗം ഗോവിന്ദ് പരാശര്‍. അക്ഷയ് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘ഓ മൈ ഗോഡ് 2’ ഹൈന്ദവ ദൈവങ്ങളെ കളിയാക്കുന്നു എന്നാരോപിച്ചാണ് സംഘടനയുടെ പ്രഖ്യാപനം.
നേരത്തെയും സിനിമകള്‍ക്കെതിരെ സമാനമായ പ്രഖ്യാപനങ്ങളുമായി ഹൈന്ദവ, ഇസ്ലാമിക സംഘടനകള്‍ രംഗത്തുവന്നിരുന്നു. ജയസൂര്യ നായകനായ ഈശോ സിനിമയ്‌ക്കെതിരെ പിസി ജോര്‍ജ്ജും, ക്രിസ്ത്യന്‍ സഭകളും വിമര്‍ശനമുന്നയിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
2012-ല്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ‘ഓ മൈ ഗോഡ്’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ ശിവ ഭഗവാനായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. അതേസമയം സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശമനുസരിച്ച് ഈ കഥാപാത്രത്തെ പിന്നീട് ശിവദൂതനാക്കി മാറ്റിയിരുന്നു. വേറെ പല മാറ്റങ്ങളും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരം വരുത്തിയ ശേഷമാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
മതങ്ങളെ ആക്ഷേപഹാസ്യരൂപത്തില്‍ വിമര്‍ശിക്കുന്ന സിനിമയായതിനാലാണ് വിശ്വാസികളും, തീവ്രമതവാദികളും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബജ്‌റംഗദളും സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ആഗ്രയില്‍ തിയറ്ററിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഓഗസ്റ്റ് 12-നാണ് അമിത് റായ് സംവിധാനം ചെയ്യുന്ന ‘ഓ മൈ ഗോഡ് 2’ റിലീസ് ചെയ്യുന്നത്.