അയര്‍ലണ്ടിന് നാണക്കേടുണ്ടാക്കിയ ആക്രമണക്കേസില്‍ കൗമാരക്കാരന്‍ പിടിയില്‍. ഡബ്ലിനിലെ ടെംപിള്‍ ബാറില്‍ മൂന്ന് വിദേശ യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും, കവര്‍ച്ചാശ്രമം നടത്തുകയും ചെയ്ത സംഭവത്തിലാണ് കൗമാരക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ മൂന്ന് വിദേശികളെയും വെള്ളിയാഴ്ച രാത്രി തന്നെ Fownes Street Upper-ല്‍ ഉള്ള സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രത്തെ അപലപിച്ച് വിവിധ പാര്‍ട്ടികളുടെ രാഷ്ട്രീയനേതാക്കള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
ഡബ്ലിനില്‍ അടുത്തകാലത്തായി വിദേശ ടൂറിസ്റ്റുകള്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ക്രൂരമായ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ പൗരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ എത്തുന്ന തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കുവാന്‍ അമേരിക്കന്‍, സ്പാനിഷ് എംബസികള്‍ നിര്‍ദേശം നല്‍കിയത് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അയര്‍ലണ്ട് തലകുനിക്കേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തിരുന്നു.