അധികലാഭത്തിന്റെ വിഹിതം നിക്ഷേപകർക്ക് നൽകിയില്ലെങ്കിൽ ബാങ്കുകൾക്ക് കടുത്ത ശിക്ഷ: Fianna Fail TD

അധികപലിശനിരക്ക് വഴി വലിയ വരുമാനം നേടുന്ന ബാങ്കുകള്‍, ആ ലാഭത്തിന്റെ വിഹിതം ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നല്‍കാത്ത പക്ഷം ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് Oireachtas-ലെ ധനകാര്യ കമ്മറ്റി അംഗവും, Fianna Fail TD-യുമായ John McGuinness. പലിശനിരക്കുകള്‍ സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയാനായി, സെപ്റ്റംബര്‍ ആദ്യം ബാങ്കുകളോട് കമ്മറ്റിക്ക് മുമ്പില്‍ ഹാജരാകാനും പറഞ്ഞിട്ടുണ്ട്. Banking and Payments Federation of Ireland-ഉം കമ്മറ്റിക്ക് മുമ്പില്‍ ഹാജരാകണം.

നിലവിലെ ബാങ്കിങ് ലെവി 2024 വരെ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ McGuinness, പക്ഷേ പലിശനിരക്ക് വര്‍ദ്ധനയിലൂടെ ലഭിക്കുന്ന അധികലാഭത്തിന്റെ വിഹിതം നിക്ഷേകര്‍ക്ക് നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് മേലുള്ള ഈ ലെവി വര്‍ദ്ധിപ്പിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഒപ്പം മറ്റ് ശിക്ഷാനടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലെവി ചുമത്തുക മാത്രമാണ് ചെയ്യുന്നതെന്നും, പക്ഷേ അത് ഫലപ്രദമായി തോന്നുന്നില്ലെന്നും McGuinness പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത് ബാങ്കുകള്‍ക്ക് വലിയ ലാഭം ഉണ്ടാക്കി നല്‍കുന്നുണ്ട്. എന്നാല്‍ ഈ ലാഭത്തിന്റെ വിഹിതം ബാങ്കിലെ നിക്ഷേപകര്‍ക്ക് പലിശയായി നല്‍കുന്നില്ലെന്ന് വിമര്‍ശനമുയരുകയും ചെയ്യുന്നുണ്ട്.

അതേസമയം ഇത്തരത്തില്‍ നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുന്നത് തിരിച്ചടിയായേക്കുമെന്നും, അത് ലോണ്‍ എടുത്തവരുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചാകും ബാങ്കുകള്‍ തിരിച്ചുപിടിക്കുകയെന്നും സാമ്പത്തികവിദഗ്ദ്ധനായ Austin Hughes പറഞ്ഞു.

കഴിഞ്ഞ ജൂലൈ മുതല്‍ ഒമ്പത് തവണയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: