Macroom-ലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ Macroom Indian Community, 2023 ഓണവും, ഇന്ത്യയുടെ 77-ആം സ്വാതന്ത്ര്യദിനവും വിപുലമായി ആഘോഷിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി Macroom-ലെ TD-യായ Michael Creed പങ്കെടുത്തു.
സ്വാതന്ത്രദിനത്തിന്റെ ഓര്‍മ്മകളെ സ്മരിച്ചുകൊണ്ട് പതാക ഉയര്‍ത്തലോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് സംസാരിച്ച Michael Creed TD, Macroom-ന്റെ ചരിത്രത്തിലാദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ പതാകയുയര്‍ത്തലും, സ്വാതന്ത്രദിനാഘോഷവും നടക്കുന്നതെന്ന് പറഞ്ഞത്, ഇവിടുത്തെ ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനമായി.
തുടര്‍ന്ന് അനുഗ്രഹീതകലാകാരനായ ബാബുരാജ് മാവേലിയുടെ വേഷത്തിലെത്തിയത്, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിന്റെ പ്രതീതി ജനിപ്പിച്ചു. പാട്ടുത്സവം 2023 വിജയിയും, നാളെയുടെ പ്രതീക്ഷയുമായ അക്ഷയ് ബാബുരാജ് ഒരുക്കിയ സംഗീതവിരുന്ന് സന്തോഷത്തിന്റെ അളവ് കൂട്ടി.
ഓണസദ്യയ്ക്ക് പുറമെ കുട്ടികളുടെ പരിപാടികളും, മുതിര്‍ന്നവരുടെ ആഘോഷവും ഓണാവേശം ഉയര്‍ത്തി.
തുടര്‍ന്ന് Macroom Indian Community-യുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റായി മെല്‍ബാ വില്‍സണ്‍, സെക്രട്ടറിയായ അജിത്, ട്രഷററായി അയ്യപ്പദാസ് എന്നിവരും, രഞ്ജിത്, സജിത്ത്, അരുണ്‍, ധന്യ രാഗിന്‍, സിനി, ജിനോ, ജിത്തു, നൗഷി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഇതോടെ മനസും, വയറും നിറച്ച് Macroom Indian Community-യുടെ ഇത്തവണത്തെ ഓണം-സ്വാതന്ത്ര്യദിനോഘോഷങ്ങള്‍ക്ക് സമാപനമായി.
ചടങ്ങിലേയ്ക്കും, ആഘോഷപരിപാടിയിലേയ്ക്കും തന്നെ ക്ഷണിച്ച Macroom Indian Community-ക്ക് Michael Creed TD, ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നന്ദിയറിയിച്ചു.








