ബെറ്റി കൊടുങ്കാറ്റില്‍ അയര്‍ലണ്ടിലെങ്ങും വ്യാപക നാശനഷ്ടം. 70,000 വീടുകള്‍, കൃഷിയിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇതില്‍ 30,000 ഇടങ്ങളില്‍ ഇന്നും വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല.
പലയിടത്തും വൈദ്യുതിക്കമ്പികളും മറ്റും പൊട്ടിവീണതോടെ, പരമാവധി ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിന് പുറമെ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകുകയും, റോഡ് യാത്ര തടസപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടാകുകയും ചെയ്തു.
ബെറ്റി കൊടുങ്കാറ്റിനൊപ്പം പ്രളയം കൂടി എത്തിയതോടെ കോര്‍ക്ക്, വെക്‌സ്‌ഫോര്‍ഡ് കൗണ്ടികളില്‍ വെള്ളിയാഴ്ച റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. വെക്‌സ്‌ഫോര്‍ഡില്‍ തീരത്ത് കെട്ടിയിട്ട ബോട്ട് ഒഴുകിപ്പോയി Dungarvan-ലെ തുറമുഖത്ത് ചെന്നിടിക്കുകയും ചെയ്തു.

കാറ്റ് ശക്തിയായതോടെ വെള്ളി, ശനി ദിവസങ്ങളിലായി ഒരുപിടി മത്സരങ്ങളും, പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മറിഞ്ഞുവീണ മരങ്ങളും, മറ്റ് വസ്തുക്കളും മാറ്റാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം രാജ്യത്ത് ഇപ്പോള്‍ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നിലവിലില്ല. എങ്കിലും കടലില്‍ പോകുന്നത് അപകടത്തിന് കാരണമായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൗണ്ടി കെറിയിലെ Kenmare Bay-ല്‍ കാറ്റില്‍ അപകടത്തില്‍പ്പെട്ട ഉല്ലാസബോട്ടിലെ രണ്ട് യാത്രക്കാരെ ലൈഫ് ബോട്ടില്‍ രക്ഷപ്പെടുത്തിയിരുന്നു.