അരുമകളുടെ ജീവനെടുത്തവളുടെ അന്ത്യം ഇനി അഴിക്കുള്ളില്‍. യു.കെയിൽ ഏഴ് നവജാത ശിശുക്കളുടെ ജീവനെടുക്കുകയും ആറ് കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നഴ്സ് ലൂസി ലെറ്റ്‌ബിക്ക് ജീവപര്യന്തം തടവ് വിധിച്ച് മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോടതി.
2015-ലും 2016-ലും ആയി Countness of Chester Hospital-ലെ 7 കുഞ്ഞുങ്ങളെയാണ് നവജാത ശിശുപരിപാലന കേന്ദ്രത്തില്‍ വച്ച് ലെറ്റ്‌ബി കൊല ചെയ്തത്.
കേസിന്‍റെവിധി വായിക്കുന്നതിന്‍റെ തത്സമയ സംപ്രേക്ഷണം നടക്കുന്നുണ്ടയിരുന്നെങ്കിലും കൊല്ലപ്പെട്ട കുട്ടികളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തറിയാതിരിക്കാന്‍ സംപ്രേഷണം ഇടക്ക് വച്ച് നിര്‍ത്തിയിരുന്നു.
സാധാരണ മനുഷ്യന്‍റെ സഹാജവാസനയില്‍ നിന്നും അങ്ങേയറ്റം വിരുദ്ധമായാണ് ലെറ്റ്ബി പ്രവര്‍ത്തിച്ചതെന്നും, അതുവഴി വൈദ്യപരിശോധനാ-പരിപാലന സമൂഹത്തെ മുഴുവന്‍ സംശയ നിഴലില്‍ നിര്‍ത്തിയെന്നും ജസ്റ്റിസ് ഗോസ് വിധിപ്രസ്താവത്തിൽ പറഞ്ഞു. ലെറ്റ്ബി കൊല്ലാന്‍ ശ്രമിച്ച കുഞ്ഞുങ്ങൾ മാസം തികയാതെ ജനിച്ചവരും, അതില്‍ ചിലര്‍ രക്ഷപ്പെടാന്‍ സാധ്യത കുറവുള്ളവരുമായിരുന്നു എങ്കിലും അവരെ മനപ്പൂര്‍വ്വം തന്നെ കൊലചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പ്രസ്താവത്തിൽ പറഞ്ഞു.
വിചാരണക്കിടെ തന്‍റെ ചെയ്തികളുടെ ഉത്തരവാദിത്തം ലെറ്റ്ബി തള്ളിക്കളഞ്ഞിരുന്നു. കൂടാതെ വിചാരണയ്ക്കിടെ ലെറ്റ്ബിയിൽ പാശ്ചാത്താപതിന്‍റെ ലാഞ്ഛന പോലും ഇല്ലായിരുന്നു. ദാരുണ മരണത്തിനിരയായ കുട്ടികളുടെ ബന്ധുക്കളായ ഒരു ഡസനോളം ആളുകളാണ് വിധി പ്രസ്താവിക്കുന്നത് കേള്‍ക്കാനായി കോടതിമുറിയില്‍ ഹാജരായിരുന്നത്.
2018 ജൂലൈ 3-ന് ആണ് ലെറ്റ്‌ബിയെ Westbourne Road-ല്‍ ഉള്ള അവരുടെ താമസ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ വിശദമായ തിരച്ചിലിനിടയില്‍ “ഞാന്‍ ജീവിക്കാന്‍ അര്‍ഹിക്കുന്നില്ല. ഞാന്‍ അവരെ പരിപാലിക്കുന്നതിന് കഴിവില്ലത്തവളായതിനാല്‍ ഞാന്‍ അവരെ മനപ്പൂര്‍വ്വം കൊന്നുകളഞ്ഞു. ഞാന്‍ ഒരു മോശം വ്യക്തിയും ദുഷ്ടയും ആണ്” എന്ന്‍ എഴുതിയ കുറിപ്പ് ലഭിച്ചിരുന്നു. അതില്‍ തന്നെ “ഞാന്‍ ദുഷിച്ചവളാണ് ഞാനാണിത് ചെയ്തത്” എന്ന്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു. ഒരു ഏറ്റുപറച്ചില്‍ പോലെയാണ് കോടതി ഈ കുറിപ്പിനെ വിലയിരുത്തിയത്.
ലെറ്റ്‌ബി കൊലപ്പെടുത്തിയ കുട്ടികളുടെ മാതാപിതാക്കളെ കുറിച്ച് അവള്‍ പല തവണ ഫേസ്ബുക്കില്‍ തിരഞ്ഞതായും അന്വേഷണത്തില്‍ വെളിപ്പെട്ടു.
കുട്ടികളുടെ രക്തചംക്രമണ വ്യവസ്ഥയിലേക്ക് വായു കടത്തി വിടുക, വയറിലേക്ക് വായു കടത്തുക, കുട്ടികളെ അമിതമായി പാല്‍ കുടിപ്പിക്കുക, ശാരീരികമായി അവരെ ഉപദ്രവം ഏല്‍പ്പിക്കുക, ഇന്‍സുലിന്‍ ഉപയോഗിച്ച് കുട്ടികളില്‍ വിഷമേല്‍പ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളാണ് കൊലപാതകത്തിനായി ഇവര്‍ തിരഞ്ഞെടുത്തിരുന്നത്.
Countness of Chester ആശുപത്രി കൂടാതെ ഇവര്‍ Liverpool Women’s ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്. അവിടെയും സമാനമായ രീതിയില്‍ ഉള്ള ഏതെങ്കിലും കേസുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കും.