അയർലണ്ടിൽ ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഗാര്‍ഹിക ഊര്‍ജ്ജത്തിന്റെ വിലയില്‍ കുറവ് വരുമെന്ന് ഊർജ്ജവിതരണ കമ്പനിയായ Energia പ്രഖ്യാപിച്ചു. കമ്പനിയുടെ സ്മാര്‍ട്ട് മീറ്റര്‍ പ്ലാനുകള്‍ എടുത്തവര്‍ക്ക് നിരക്കില്‍ 20% കുറവ് ഉണ്ടാകുമെന്നും ഇതുവഴി വര്‍ഷം പ്രതി 357 യൂറോയുടെ കുറവ് ബില്ലില്‍ ഉണ്ടാകുമെന്നുമാണ് Energia അവകാശപ്പെടുന്നത്. ഗ്യാസ് നിരക്കിലും 20% കുറവ് ഉണ്ടാകുമെന്നും കമ്പനി പറയുന്നു. ഇത് വാര്‍ഷിക ഊര്‍ജ്ജ ബില്ലുകളില്‍ നിന്നും ശരാശരി 682 യൂറോ ലാഭമുണ്ടാക്കാന്‍ ജനങ്ങളെ സഹായിക്കും.
സ്റ്റാന്‍ഡേര്‍ഡ് വൈദ്യുതി നിരക്കില്‍ 15% കുറവും ഗ്യാസ് യൂണിറ്റ് നിരക്കില്‍ 20% കുറവുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് യഥാക്രമം വൈദ്യുതി ബില്ലില്‍ നിന്നും 305 യൂറോ മിച്ചം പിടിക്കുന്നതിനും ഗ്യാസ് ബില്ലില്‍ നിന്നും 325 യൂറോ മിച്ചം പിടിക്കുന്നതിനും സഹായകരമാകും.
വിപണിവിലയിലെ ചാഞ്ചാട്ടം കുറക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് എനര്‍ജിയ ഗ്രൂപ്പ് കസ്റ്റമര്‍ സൊല്യൂഷന്‍സ് ഡയറക്ടര്‍ ഗാരി റയാന് പറഞ്ഞു. ഊര്‍ജ്ജ വിപണിയിലെ വിലയിലെ മാറ്റങ്ങള്‍ തങ്ങള്‍ വിലയിരുത്തുമെന്നും ഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച നിരക്കില്‍ തങ്ങള്‍ ഊര്‍ജ്ജ വില്‍പ്പന നടത്തുമെന്നും ഗാരി റയാന് കൂട്ടിച്ചേർത്തു.
ഊര്‍ജ്ജ വിപണി വില സ്വാഭാവികതയിലേക്ക് എത്തുന്നതിന്റെ സൂചനയാണിതെന്നും മറ്റ് പ്രധാന വിതരണ കമ്പനികളും ഊര്‍ജ്ജ വിലയില്‍ ഇത്തരത്തില്‍ കുറവ് പ്രഖ്യപിച്ചേക്കുമെന്നും bonkers.ie-യുടെ കമ്മ്യൂണിക്കേഷന്‍ മേധാവി Darragh Cassidy വാര്‍ത്തയെ സ്വാഗതം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.
യൂറോപ്പ്യന്‍ യൂണിയനിലെ ശരാശരി വിലയില്‍ നിന്നും ഒരുപാട് മുകളിലാണ് Energia-യുടെ ഇപ്പോഴത്തെ ഊര്‍ജ്ജ വില. വിപണിയിലെ വൈദ്യുതി വാതക വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ഇനിയും മാസങ്ങളോളം തുടരുമെന്നും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വാറ്റ് 13.5%-ല്‍ നിന്നും 9% ആയി കുറച്ചെങ്കിലും വിപണി വിലയിലെ ഉയര്‍ച്ച മൂലം ശരാശരി ബില്ലില്‍ കുറവൊന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.