അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തത് കാരണം വിഷയങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ വിദ്യാഭ്യാസവകുപ്പ്, വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി, പ്രദാനമന്ത്രി ലിയോ വരദ്കര്‍ തുടങ്ങിയവരെ ബന്ധപ്പെടുന്നത് തുടരുകയാണ്.
2022 വേനല്‍ക്കാലം മുതലുള്ള നിരവധി അദ്ധ്യാപക ഒഴിവുകള്‍ ഇതുവരെ നികത്താന്‍ സാധിക്കാത്തതാണ് വിഷയങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സ്‌കൂളുകളെ നിര്‍ബന്ധിതരാക്കുന്നത്. ഒരു സ്‌കൂളാകട്ടെ, ആറ് തവണ ഒഴിവ് നികത്തുന്നതിനായി പരസ്യം നല്‍കിയിട്ടും ഒരു അപേക്ഷ പോലും ലഭിക്കാതെ വന്നതോടെ സിലബസില്‍ നിന്നും പ്രസ്തുത വിഷയം എടുത്തുമാറ്റുകയല്ലാതെ വഴിയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
2019 മുതല്‍ ടെക്‌നോളജി അദ്ധ്യാപകരെ ലഭിക്കാത്തതിനാല്‍ 2022 നവംബറില്‍ മറ്റൊരു സ്‌കൂളും സമാനമായ നടപടിയെടുത്തിരുന്നു.
മാത്തമാറ്റിക്‌സ്, ഇംഗ്ലിഷ്, ജ്യോഗ്രഫി, ടെകനോളജി, സ്പാനിഷ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാനും അദ്ധ്യാപകരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ എജ്യുക്കേഷനില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി എടുക്കുന്ന അദ്ധ്യാപക വിദ്യാര്‍ത്ഥികളെ കൊണ്ട് ചില വിഷയങ്ങള്‍ പഠിപ്പിക്കാന്‍ സ്‌കൂളുകള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇവര്‍ക്ക് കോളജ് പഠനവും ഒപ്പം കൊണ്ടുപോകണമെന്നതിനാല്‍ ഇതൊരു ശാശ്വത പരിഹാരമല്ലെന്ന് സ്‌കൂളുകള്‍ ചൂണ്ടിക്കാട്ടുന്നു.
സെക്കന്‍ഡ് ലെവല്‍ ടീച്ചേഴ്‌സിന് സ്ഥിരനിയമനം നല്‍കുക അടക്കമുള്ള കാര്യങ്ങളാണ് ഈ പ്രശ്‌നത്തിന് പരിഹാരമായി Teachers Union Ireland (TUI) മുന്നോട്ടുവയ്ക്കുന്നത്. 2011-ന് ശേഷം നിയമിക്കപ്പെട്ട അദ്ധ്യാപകരില്‍ 65% പേര്‍ക്കും മുഴുവന്‍ സമയ കോണ്‍ട്രാക്ട് ജോലി ലഭിക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പുതിയ ആളുകള്‍ അദ്ധ്യാപക ജോലി തെരഞ്ഞെടുക്കാന്‍ വിമുഖത കാണിക്കുന്നതിന്റെ ഒരു പ്രധാനകാരണം കാര്യമായ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല എന്നതാണ്.
അതേസമയം നിലവില്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പ് വക്താവ് പറയുന്നത്. എല്ലാ തലങ്ങളിലും അദ്ധ്യാപകനിയമനം വര്‍ദ്ധിച്ചതായും, പ്രശ്‌നപരിഹാരത്തിനായി 2,700 മൂന്നാം വര്‍ഷ, നാലാം വര്‍ഷ അദ്ധ്യാപക വിദ്യാര്‍ത്ഥികളെ ടീച്ചിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും വകുപ്പ് പറയുന്നു. ഒപ്പം വിരമിച്ച അദ്ധ്യാപകരെ വീണ്ടും താല്‍ക്കാലികമായി ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.