ഡബ്ലിന്‍ നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധരും, മറുവശത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ അനുകൂലികളുമായി നൂറുകണക്കിന് പേര്‍ പങ്കെടുത്ത റാലികള്‍. ശനിയാഴ്ചയാണ് ഇരു കൂട്ടരും വമ്പന്‍ റാലിയുമായി നഗരത്തില്‍ സംഘടിച്ചെത്തിയത്. തുടര്‍ന്ന് ബാരിക്കേഡുകള്‍ വച്ചുള്ള സുരക്ഷാമുന്‍കരുതലുകളുമായി ഗാര്‍ഡയും രംഗത്തെത്തി.
Merrion Square South-ലാണ് Let Women Speak എന്ന പേരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ പരിപാടി നടന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശത്തെപ്പറ്റി സംസാരിക്കുമ്പോള്‍ സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കുന്നുവെന്ന് പറഞ്ഞായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഐറിഷ് എഴുത്തുകാരനും, ട്രാന്‍സ് മൂവ്‌മെന്റ് വിമര്‍ശകനുമായ Graham Linehan-ഉം പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
അതേസമയം ഇതിനെതിരായി ട്രാന്‍സ്‌ജെന്‍ഡറുകളും, അവരെ പിന്തുണയ്ക്കുന്നവരും അണിനിരന്ന വലിയ റാലിയും സംഘടിപ്പിക്കപ്പെടുകയുണ്ടായി. Kildare Street-ലെ Dail കെട്ടിടത്തിന് മുമ്പില്‍ നിന്നും Merrion Square-ലേയ്ക്കാണ് ഇവര്‍ മാര്‍ച്ച് ചെയ്തത്. Trans and Intersex Pride Dublin ആണ് റാലി സംഘടിപ്പിച്ചത്.
തങ്ങള്‍ക്കും ഇടം ലഭിക്കുന്ന, സ്‌നേഹം ലഭിക്കുന്ന സമൂഹമായി ലോകത്തെ മാറ്റാന്‍ വേണ്ടതെല്ലാം തങ്ങള്‍ ചെയ്യുന്നുണ്ടെന്നും, എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധര്‍ ഈ പുരോഗതിയെയെല്ലാം ഇല്ലാതാക്കി പിന്നിട്ട ഇരുണ്ട കാലത്തേയ്ക്ക് തന്നെ ലോകത്തെ കൊണ്ടുപോകുകയാണെന്നും ട്രാന്‍സ് പിന്തുണക്കാര്‍ വ്യക്തമാക്കി. തങ്ങള്‍ ഇഷ്ടപ്പെടാത്ത ലോകത്തേയ്ക്ക് തങ്ങളെ ബലമായി തള്ളിവിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കോര്‍ക്കിലെ പ്രശസ്തമായ ഗേ ബാറില്‍ നിന്നും LQBTQ+ അലങ്കാരങ്ങള്‍ എടുത്തുമാറ്റാനുള്ള നീക്കത്തിനെതിരെ നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായെത്തി. Washington Street-ലെ Cambers Bar ആണ് കോളജ് അദ്ധ്യയനകാലം ആരംഭിക്കുന്നത് പ്രമാണിച്ചുള്ള Freshers’ Week-നായി നിലവില്‍ ബാറില്‍ ചെയ്തിരിക്കുന്ന LGBTQ+ അലങ്കാരങ്ങളെല്ലാം എടുത്തുമാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 18 വര്‍ഷമായി LGBTQ+ സമൂഹത്തിന്റെ പ്രിയപ്പെട്ട ഇടമാണ് Chambers Bar.