അറ്റ്‌ലാന്റിക് സമുദ്രത്തിന് കുറുകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പുതിയ കൊടുങ്കാറ്റായ നൈജല്‍, അയര്‍ലണ്ടില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. മണിക്കൂറില്‍ 160 കി.മീ വരെ വേഗത്തില്‍ നൈജല്‍ കൊടുങ്കാറ്റ് വീശിയടിച്ചിരുന്നെങ്കിലും അയര്‍ലണ്ടിലേയ്ക്ക് നേരിട്ടെത്തില്ല എന്നതിനാല്‍ വലുതായി ആശങ്കപ്പെടേണ്ടതില്ല. വടക്ക്- വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തേയ്ക്കാണ് നൈജലിന്റെ സഞ്ചാരമെന്നതിനാല്‍ത്തന്നെ അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഇതിന്റെ തീവ്രത അനുഭവപ്പെടുക.
വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ഐറിഷ് ദ്വീപിനോട് ചേര്‍ന്ന് നൈജല്‍ കടന്നുപോകുക. അതേസമയം ഈ സമയമാകുമ്പോഴേയ്ക്കും കൊടുങ്കാറ്റിന്റെ ശക്തി കുറയുമെന്നതിനാല്‍ അയര്‍ലണ്ടില്‍ വലിയ നാശനഷ്ടമുണ്ടാക്കാന്‍ നൈജലിന് സാധിക്കില്ലെന്നാണ് അനുമാനം. പക്ഷേ കടലില്‍ പോകുന്നവര്‍ക്ക് അപകടസാധ്യതയുണ്ട്.
ശനി, ഞായര്‍ ദിവസങ്ങളിലും ശക്തമായ കാറ്റ് വീശുന്നത് തുടരും. ഞായറാഴ്ച അതിശക്തമായ മഴയും പെയ്‌തേക്കും. കിഴക്കന്‍ പ്രദേശത്തെയാണ് അത് കൂടുതലായി ബാധിക്കുക.