വെക്‌സ്‌ഫോര്‍ഡില്‍ 140 മില്യണ്‍ യൂറോ വിലവരുന്ന വന്‍ മയക്കുമരുന്ന് ശേഖരവുമായി വന്ന ബോട്ടില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഗാര്‍ഡ മയക്കുമരുന്ന് വിരുദ്ധ സേനയും, സംഘടിതകുറ്റകൃത്യം തടയുന്നതിനായുള്ള പ്രത്യേകസംഘവും നിരീക്ഷിച്ചുവരികയായിരുന്ന മീന്‍പിടിത്ത ബോട്ട്, ഞായറാഴ്ച രാത്രി 11.30-ഓടെ Blackwater-ല്‍ Ballyconnigar തീരത്തിന് അകലെയായി മണല്‍ത്തിട്ടയിലിടിച്ച് അപകടത്തില്‍ പെടുകയായിരുന്നു.
തുടര്‍ന്ന് ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍, സൈനികവിമാനങ്ങള്‍ എന്നിങ്ങനെ വന്‍ സംവിധാനങ്ങളോടെ ബോട്ടിനെ വലംവെച്ച ഐറിഷ് സേന, മുങ്ങാനാരംഭിച്ച ബോട്ടില്‍ നിന്നും വിദേശികളെന്ന് കരുതുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. RNLI, കോസ്റ്റ്ഗാര്‍ഡ് എന്നിവരും ഓപ്പറേഷനില്‍ പങ്കെടുത്തു.
ശക്തമായ കാറ്റ് കാരണം പ്രതികൂല കാലാവസ്ഥയിലും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടാനായത് അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
വലിയ തുള വീണ് വെള്ളം ഉള്ളില്‍ കയറിയ ബോട്ടില്‍ നിന്നും കൊക്കെയ്ന്‍ സൂക്ഷിച്ച ധാരാളം കെട്ടുകള്‍ വെള്ളത്തില്‍ വീണു. ഇവ ഇതുവരെ തിരികെയെടുക്കാന്‍ സാധിച്ചിട്ടില്ല.
ആറ് മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷനില്‍ അറസ്റ്റിലായ രണ്ടുപേരും കാര്യമായി ഇംഗ്ലിഷ് വശമില്ലാത്തവരാണ്. ഇവരെ ഗാര്‍ഡ ചോദ്യം ചെയ്യുന്നുണ്ട്.
തിങ്കളാഴ്ചയും പ്രദേശത്ത് വന്‍ സൈനികസാന്നിദ്ധ്യമുണ്ടായിരുന്നു. കടലില്‍ വീണ കൊക്കെയ്ന്‍ കെട്ടുകള്‍ വെക്‌സ്‌ഫോര്‍ഡ് തീരത്ത് അടിഞ്ഞേക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് ഇത്.