കേറിക്കിടക്കാൻ വീടില്ല! അയർലണ്ടിൽ വില്പനയ്ക്കുള്ള വീടുകളുടെ എണ്ണത്തിൽ വൻ തകർച്ച

അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെ എണ്ണത്തില്‍ വമ്പിച്ച കുറവ്. 2022 സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മാസം ആരംഭിച്ച ശേഷം 20 ശതമാനത്തിലധികം കുറവാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 1-ആം തീയതിയിലെ കണക്കനുസരിച്ച് വെറും 12,200 വീടുകള്‍ മാത്രമാണ് രാജ്യത്ത് വില്‍പ്പനയ്ക്കായി വച്ചിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 1-നെ അപേക്ഷിച്ച് 3,300 വീടുകളുടെ കുറവാണിത്. രാജ്യത്തെ ഭവനപ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

ഇതിനിടെ 2023-ന്റെ മൂന്നാം പാദത്തില്‍ രാജ്യത്തെ ഭവനവില 1.1% വര്‍ദ്ധിച്ചതായി ഈയിടെ പുറത്തുവിന്ന റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. നിലവില്‍ ഇവിടെ ഒരു വീട് സ്വന്തമാക്കണമെങ്കില്‍ ശരാശരി 322,000 യൂറോ ആണ് മുടക്കേണ്ടത്. പക്ഷേ നഗരങ്ങളിലേയ്ക്ക് വരുമ്പോള്‍ ഇതിലും കൂടും.

വെബ്‌സൈറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെ വില 2023-ന്റെ മൂന്നാം പാദത്തില്‍ 3.7% ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അയര്‍ലണ്ടില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയെങ്കിലും, നേരത്തെ താമസിച്ചുവന്ന വീടുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നതില്‍ വളരെയേറെ കുറവുണ്ടായതായി റിപ്പോര്‍ട്ടിന്റെ ഉപജ്ഞാതാവും, സാമ്പത്തികവിദഗ്ദ്ധനുമായ റോണന്‍ ലയോണ്‍സ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: