അയർലണ്ടിൽ ഗാർഡയിൽ ചേരാനുള്ള പരമാവധി പ്രായം 35-ൽ നിന്നും 50 ആക്കി വർദ്ധിപ്പിക്കും

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ (An Garda Síochána) ചേരുന്നതിനുള്ള പരമാവധി പ്രായപരിധി 35-ല്‍ നിന്നും 50 ആക്കി വര്‍ദ്ധിപ്പിക്കും. കൂടുതല്‍ പേരെ ഗാര്‍ഡ സേനയില്‍ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ പറഞ്ഞു. ഒപ്പം 35 കഴിഞ്ഞവര്‍ക്കുള്ള ഫിറ്റ്‌നസ് ടെസ്റ്റിനും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും.

രാജ്യത്ത് ആവശ്യത്തിന് ഗാര്‍ഡകളില്ലാത്തത് ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതായി വിമര്‍ശനമുയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം താന്‍ വൈകാതെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മക്കന്റീ വ്യക്തമാക്കി.

ഗാര്‍ഡ അംഗത്വം 15,000 ആക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗാര്‍ഡ റിക്രൂട്ട്‌മെന്റിനായി ഇത്തവണത്തെ ബജറ്റില്‍ പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഇന്ന് Templemore-ല്‍ നടക്കുന്ന ചടങ്ങില്‍ ട്രെയിനിങ്ങിന് ശേഷം 126 പേര്‍ കൂടി ഔദ്യോഗികമായി ഗാര്‍ഡ അംഗങ്ങളാകുന്നതോടെ സേനയുടെ അംഗബലം 14,032 ആയി ഉയരും. എന്നാല്‍ കഴിഞ്ഞ വര്‍ഷം 800 പേരെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും ഇത് അസാധ്യമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഗാര്‍ഡയില്‍ ചേരാനുള്ള പ്രായം 35 ആയി പരിമിതപ്പെടുത്തിയിരിക്കുന്നത് വിവേചനമാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ലേബര്‍ കോടതി പറഞ്ഞിരുന്നു.

അതേസമയം പ്രായപരിധി ഉയര്‍ത്തിയാലും ഗാര്‍ഡയിലെ വിരമിക്കല്‍ പ്രായം 60 വയസായി തുടരും. 50-ആം വയസില്‍ ഗാര്‍ഡയില്‍ ചേരുന്നവര്‍ക്ക് 10 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ചാല്‍ ഭാഗികമായ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: