‘ഗാർഡയുടെ വിരമിക്കൽ പ്രായവും ഉയർത്തും’; പ്രഖ്യാപനവുമായി മന്ത്രി

അയർലണ്ടിലെ ഗാർഡ സേനയിൽ ചേരുന്നതിനുള്ള പരമാവധി പ്രായം 50 ആക്കി ഉയർത്തിയതിന് പിന്നാലെ, വിരമിക്കൽ പ്രായവും ഉയർത്തിയേക്കുമെന്ന് സൂചന നൽകി നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്കന്റീ. നിലവിലെ വിരമിക്കൽ പ്രായമായ 60 വയസ് ഉയർത്തേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ മക്കന്റീ , ഇക്കാര്യം പൊതുധനവിനിയോഗ വകുപ്പ് മന്ത്രി പാസ്കൽ ഡോണഹോയുമായി ചർച്ച നടത്തി വരികയാണെന്നും, ഇതുവരെ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും RTE റേഡിയോയിൽ നടന്ന പരിപാടിയിൽ വ്യക്തമാക്കി.

ഗാർഡയിൽ ചേരുന്നതിനുള്ള പരമാവധി പ്രായം 35-ൽ നിന്നും 50 ആക്കി ഉയർത്തുമെന്ന് മക്കന്റീ ഈയാഴ്ച ആദ്യം പറഞ്ഞിരുന്നു. ഗാർഡ സേനയിലേക്ക് ആവശ്യമായത്രയും അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

35 വയസ് കഴിഞ്ഞവരായാലും ഗാർഡയിൽ ചേരാൻ ഫിറ്റ്നസ് ടെസ്റ്റ് പാസാകേണ്ടതുണ്ടെന്ന് മക്കന്റീ വ്യക്തമാക്കി. ഇവരെ ട്രെയിൻ ചെയ്യാൻ രണ്ടു വർഷത്തോളം എടുത്തേക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ഗാർഡയിൽ ചേരാനുള്ള പരമാവധി പ്രായം വർദ്ധിപ്പിക്കുന്നത് ഗാർഡയുടെ അംഗബലം വലിയ രീതിയിൽ കൂട്ടാൻ സഹായകമാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് Garda Representative Association (GRA) പ്രസിഡന്റ് Brendan O’Connor പറഞ്ഞു. എന്നിരുന്നാലും ശാരീരികമായി പ്രത്യേക കഴിവുകളുള്ള പ്രായമായവർ സേനയ്ക്ക് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായയപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: