ഉപഭോക്താക്കളിൽ നിന്നും Electric Ireland അമിതതുക ഈടാക്കി; ബാധിക്കപ്പെട്ടത് 48,000 പേർ

രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജവിതരണ കമ്പനിയായ Electric Ireland, ഉപഭോക്താക്കളില്‍ നിന്നും അമിത തുക ഈടാക്കിയതായി റിപ്പോര്‍ട്ട്. തങ്ങളുടെ ബില്‍ കണക്കുകൂട്ടലില്‍ പിഴവ് സംഭവിച്ചതായി Electric Ireland തന്നെയാണ് Commission for the Regulation of Utilities (CRU)-നെ അറിയിച്ചത്.

48,000 വൈദ്യുതി, ഗ്യാസ് ഉപഭോക്താക്കളില്‍ നിന്നായി 1.1 മില്യണ്‍ യൂറോയാണ് ഇതുവഴി കമ്പനിക്ക് അധികമായി ലഭിച്ചത്. 2023 ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെയാണ് നിലവിലെയും, ചില മുന്‍ ഉപഭോക്താക്കളുടെയും ബില്ലില്‍ കമ്പനി അധികതുക എഴുതി വാങ്ങിയത്. ഓരോ ബില്ലിലും ശരാശരി 23 യൂറോ വീതം ഇത്തരത്തില്‍ അധികമായി ലഭിച്ചു.

ഇത് വ്യക്തമായതോടെ ഉപഭോക്താക്കളില്‍ നിന്നും അമിതമായി വാങ്ങിയ പണം തിരികെ നല്‍കിയതായും, 40 യൂറോയിലധികം അമിതമായി ചാര്‍ജ്ജ് ചെയ്തവര്‍ക്ക് നഷ്ടപരിഹാരമടക്കം നല്‍കിയതായും Electric Ireland വ്യക്തമാക്കി. നഷ്ടം നേരിട്ട മുന്‍ ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ പണം തിരികെ നല്‍കും. പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യങ്ങളിൽ അത് ചാരിറ്റി സംഭാവനയായ നല്‍കുമെന്നും Electric Ireland അറിയിച്ചു.

അതേസമയം ഡിസ്‌കൗണ്ട് സംബന്ധിച്ചുള്ള കാര്യങ്ങളിലെ കണക്കുകൂട്ടലില്‍ വന്ന പിശകാണ് ബില്‍ തുക അധികമാകാന്‍ കാരണമായതെന്ന് കമ്പനി പറഞ്ഞു. ചില ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കിയത് രണ്ട് മാസം വൈകിയുമാണ്.

ബാധിക്കപ്പെട്ടവര്‍ക്കെല്ലാം പണം തിരികെ ലഭിച്ചുവെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്ന് CRU വ്യക്തമാക്കി. മനപ്പൂര്‍വ്വമല്ലെന്നും, കണക്കുകൂട്ടലിലെ തെറ്റാണിതെന്നും CRU-വും കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതാദ്യമല്ല കമ്പനി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കുന്നത് വൈകിപ്പിച്ചതെന്നും CRU, Electric Ireland-ന ഓര്‍മ്മിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: