അയര്‍ലണ്ടില്‍ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള രക്തത്തിന്റെ സ്‌റ്റോക്കില്‍ വലിയ കുറവ്. രക്ത ബാങ്കുകളിലെ രക്തത്തിന്റെ സ്‌റ്റോക്ക്, പ്രത്യേകിച്ചും ഒ നെഗറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ് എന്നിവയുടേത് വളരെ താഴ്ന്ന നിലയിലാണെന്നും, കൂടുതല്‍ പേര്‍ രക്തം ദാനം ചെയ്യാനായി മുന്നോട്ടുവരണമെന്നും The Irish Blood Transfusion Service (IBTS) അഭ്യര്‍ത്ഥിച്ചു.
ഈ മൂന്ന് ടൈപ്പ് രക്തത്തിന്റെയും സ്റ്റോക്ക്, ഇനി അടുത്ത മൂന്ന് ദിവസത്തേയ്ക്ക് കൂടി മാത്രമേ ഉള്ളൂ. വരുന്ന ഏഴ് ദിവസത്തേയ്ക്കുള്ള സ്‌റ്റോക്ക് എല്ലായ്‌പോഴും തയ്യാറാക്കി വയ്ക്കുന്നതാണ് അയര്‍ലണ്ടിലെ ആരോഗ്യസംവിധാനത്തിന്റെ രീതി.
നിലവിലെ രക്തദാതാക്കളില്‍ പലര്‍ക്കും രോഗം പിടിപെട്ടതും, ഈയിടെ രാജ്യത്തെ കാലാവസ്ഥ മോശമായതുമാണ് രക്തദാനത്തില്‍ കുറവ് വരുത്തിയതെന്ന് അധികൃതര്‍ പറയുന്നു. ഈ സാഹചര്യം നേരിടാനായി നേരത്തെ ദാതാക്കളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ രക്തം ദാനം ചെയ്യാനായി മെസേജ് വഴി ബന്ധപ്പെടും. ഇതിന് പുറമെ www.giveblood.ie എന്ന വെബ്‌സൈറ്റ് വഴിയോ, 1800 731 137 എന്ന നമ്പറില്‍ വിളിച്ചോ അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം രക്തം ദാനം ചെയ്യാം.
നിലവിലെ ദാതാക്കള്‍ക്ക് പുറമെ www.giveblood.ie എന്ന വെബ്‌സൈറ്റില്‍ ‘Become a Donor’ ഐക്കണ്‍ ക്ലിക്ക് ചെയ്ത് പുതുതായി ആര്‍ക്കും രക്തദാതാവായി മാറാവുന്നതാണ്.