അയര്‍ലണ്ടിലെ കോവിഡ് ബാധയെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് എത്തരത്തിലാണെന്ന് മനസിലാക്കാനായുള്ള പ്രത്യേക അന്വേഷണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. 12 മാസത്തിനുള്ളില്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്ന വിധത്തില്‍ സര്‍ക്കാര്‍ കക്ഷികള്‍ ഇത് സംബന്ധിച്ച് കൂട്ടായ തീരുമാനത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ ഇനി മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
അതേസമയം കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി 2021 ഡിസംബറില്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാമത്തെയും, അവസാനത്തെയും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ താന്‍ ഖേദിക്കുന്നതായി വരദ്കര്‍ തുറന്നുപറഞ്ഞു. ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ ലോക്ക്ഡൗണ്‍ ഏര്‍പ്പാടാക്കിയത്.
പൊതുസമൂഹത്തില്‍ നിന്നും, മാധ്യമങ്ങളില്‍ നിന്നുമെല്ലാം ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം വന്നതോടെയാണ് ഈ നടപടിയിലേയ്ക്ക് അന്ന് വളരെ പെട്ടെന്ന് തന്നെ സര്‍ക്കാര്‍ കടന്നതെന്ന് വരദ്കര്‍ പറഞ്ഞു.
കോവിഡ് അന്വേഷണം സംബന്ധിച്ച് വളരെ പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ് നല്ലതെന്ന് കരുതുന്നതിനാലാണ് സമയബന്ധിതമായി അത് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും, വര്‍ഷങ്ങളോളം അന്വേഷണം തുടരുന്നത് കാരണം പ്രത്യകിച്ച് ഗുണങ്ങളൊന്നും ലഭിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും വരദ്കര്‍ പറഞ്ഞു. മിക്കവാറും ഒരു ജഡ്ജ് ആകും അന്വേഷണസംഘത്തിന്റെ മേധാവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.