INMO -യുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധികൾ മത്സരിക്കാൻ ധാരണയായി. INMO യുടെ വിവിധ ബ്രാഞ്ചുകൾ അവയുടെ വാർഷിക സമ്മേളനത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ കൺവീനർ ആയ വർഗ്ഗീസ് ജോയ് മാനേജ്‌മന്റ് സീറ്റിലേക്ക് മത്സരിക്കുന്നു. സംഘടനയുടെ ദേശീയ ട്രെഷറർ ആയ സോമി തോമസ് ക്ലിനിക്കൽ സീറ്റിലേക്കും, സംഘടനയുടെ മാറ്റർ ഹോസ്പിറ്റൽ പ്രതിനിധിയായ ത്രേസ്സ്യ പി ദേവസ്സ്യ മാനേജ്‌മന്റ് സീറ്റിലേക്കും വാട്ടർഫോർഡ് യൂണിറ്റിൽ നിന്നുള്ള ശ്യാം കൃഷ്ണൻ ക്ലിനിക്കൽ സീറ്റിലേക്കും മത്സരിക്കുന്നു. കൂടാതെ സംഘടനയുടെ പിന്തുണയോടെ ജിബിൻ മറ്റത്തിൽ സോമൻ ക്ലിനിക്കൽ സീറ്റിലേക്കു മത്സരിക്കുന്നു. ആകെ 14 ക്ലിനിക്കൽ സീറ്റുകളിലേക്കും 3 മാനേജ്‌മന്റ് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ നാലു വർഷങ്ങളായി അയർലണ്ടിലെ ഇൻഡ്യാക്കാർ അടക്കമുള്ള, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരുടെയും കെയർ അസിസ്റ്റന്റുമാരുടെയും വിവിധങ്ങളായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി ഏറെ പ്രശംസ പിടിച്ചു പറ്റിയ പ്രവർത്തനങ്ങൾ നടത്തി വരുന്ന മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരാൻ ഈ തിരഞ്ഞെടുപ്പ് സഹായിക്കും.
ഈ വരുന്ന തിങ്കളാഴ്ച, മാർച്ച് 4ആം തിയ്യതി മുതൽ എല്ലാ INMO അംഗങ്ങൾക്കും ഫ്രീ പോസ്റ്റ് ചെയ്യാനുള്ള കവർ അടങ്ങിയ ബാലറ്റ് പേപ്പർ തപാലിൽ ലഭിക്കും. INMOയുടെ പ്രസിദ്ധീകരണമായ WIN മാസികയോടൊപ്പമായിരിക്കും ബാലറ്റ് പേപ്പർ തപാലിൽ ലഭിക്കുക. WIN മാസിക ഓൺലൈനിൽ വരുന്നവർക്ക് ബാലറ്റ് പേപ്പർ മാത്രമായി തപാലിൽ ലഭിക്കും. വോട്ട് രേഖപ്പെടുത്തി അത് തപാലിൽ മാർച് 22ആം തിയ്യതിയ്ക്കു മുൻപ് INMOയുടെ ഹെഡ്ക്വാർട്ടേഴ്സിൽ ലഭിക്കുന്ന രീതിയിൽ അയച്ചുകൊടുക്കേണ്ടതാണ്.
അയർലണ്ടിലെ എല്ലാ നഴ്‌സുമാരുടെയും പിന്തുണയും ഈ തിരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടാവണമെന്നും എല്ലാ നഴ്സുമാരും അവരുടെ വോട്ടുകൾ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് നൽകി അവരെ വിജയിക്കണമെന്നും സംഘടനയുടെ നേതൃത്വം അഭ്യർത്ഥിച്ചു