‘അയർലണ്ട് പറഞ്ഞു NO…!’: ഐറിഷ് ഭരണഘടന നിലവിലെ പോലെ തുടരും; ജനാഭിപ്രായ വേട്ടെടുപ്പിൽ തോറ്റ് സർക്കാർ

അയര്‍ലണ്ടിന്റെ ഭരണഘടനയിലെ കുടുംബം, കെയര്‍ എന്നിവ സംബന്ധിച്ചുള്ള നിര്‍വ്വചനങ്ങളില്‍ ഭേദഗതി വരുത്താനുദ്ദേശിച്ച് സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളിലെ വോട്ടെടുപ്പില്‍ കൂടുതല്‍ പേരും ‘No’ എന്ന് വോട്ട് ചെയ്തതോടെ ഭരണഘടന നിലവിലെ പോലെ തുടരും. വനിതാ ദിനമായ മാര്‍ച്ച് 8-ന് നടന്ന വോട്ടെടുപ്പിലെ ഫലങ്ങള്‍ ഒരു ദിവസത്തിന് ശേഷം മാര്‍ച്ച് 9-നാണ് പുറത്തുവന്നത്.

ഭരണഘടനയിലെ രണ്ട് നിര്‍വ്വചനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ചായിരുന്നു ജനഹിത പരിശോധന നടന്നത്. ഭരണഘടനയില്‍ കുടുംബം എന്നാല്‍ വിവാഹം കഴിച്ചവര്‍ എന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. ഇതില്‍ ഡ്യൂറബിള്‍ റിലേഷന്‍ഷിപ്പ് അഥവാ വിവാഹിതര്‍ അല്ലെങ്കിലും സുസ്ഥിരമായ ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ കൂടി കുടുംബം എന്ന നിര്‍വ്വചനത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു ആദ്യ നിര്‍ദ്ദേശമായ ഫാമിലി അമെന്‍ഡ്‌മെന്റ്.

രണ്ടാമത്തെ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം കെയറുമായി ബന്ധപ്പെട്ടതാണ്. നിലവിലെ നിര്‍വ്വചനത്തില്‍ കുടുംബത്തിന്റെ പരിചരണ ഉത്തരവാദിത്തം, അഥവാ കെയര്‍ എന്നത് അടിസ്ഥാനപരമായി സ്ത്രീയില്‍ നിക്ഷിപ്തമാണ് എന്നാണ് ഭരണഘടന പറയുന്നത്. പക്ഷേ ഫാമിലി കെയര്‍ എന്നാല്‍ സ്ത്രീയുടെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കാനായിരുന്നു രണ്ടാമത്തെ ഭേദഗതി നിര്‍ദ്ദേശം.

ഐറിഷ് ഭരണഘടനയിലെ ഈ രണ്ട് അനുച്ഛേദങ്ങളും കാലഹരണപ്പെട്ടതാണെന്നും, സ്ത്രീകള്‍ അടക്കമുള്ള, പുരുഷ ഇതരവിഭാഗങ്ങള്‍ക്ക് തുല്യത നല്‍കുന്നില്ലെന്നുമുള്ള വാദമുയര്‍ത്തിയാണ് സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. പ്രമുഖ സര്‍ക്കാര്‍ കക്ഷികളായ Finegael, Fianna Fail, Green Party എന്നിവയെല്ലാം ഭരണഘടനാ ഭേദഗതിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വോട്ടെടുപ്പ് ഫലത്തില്‍ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തേണ്ട എന്ന നിലപാടാണ് ഭൂരിപക്ഷം ജനങ്ങളും എടുത്തിരിക്കുന്നത്. കുടുംബം എന്നത് വിവാഹിതര്‍ മാത്രം എന്ന നിര്‍വ്വചനത്തില്‍ തുടരണമെന്നാണ് വോട്ടെടുപ്പില്‍ പങ്കെടുത്ത 67.69% പേരും അഭിപ്രായപ്പെട്ടത്. ഈ നിര്‍വ്വചനം മാറ്റണം എന്ന് വോട്ട് ചെയ്തത് 32.31% പേര്‍ മാത്രമാണ്.

രണ്ടാമത്തെ റഫറണ്ടമായ കെയര്‍ ബില്ലില്‍, ഭരണഘടന മാറ്റമില്ലാതെ തുടരണം എന്ന് വോട്ട് ചെയ്തത് 73.93% പേരാണ്, വെറും 26.07% പേര്‍ മാത്രമാണ് ഇത്തരത്തിലുള്ള ഭരണഘടനാ മാറ്റത്തെ അനുകൂലിച്ചത്.

ഇതോടെ ഒരു പുരോഗമന രാഷ്ട്രം എന്ന നിലയില്‍ തുടരുമ്പോഴും, സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കേണ്ടവരാണ് എന്ന തത്വം പിന്തുടരാനാണ് അയര്‍ലണ്ടിലെ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. കുടുംബം എന്നാല്‍ വിവാഹിതരായ രണ്ട് പേര്‍ ചേര്‍ന്നുള്ള ഒത്തുചേരല്‍ മാത്രമാണ് എന്ന യാഥാസ്ഥിതിക ചിന്താഗതിയെയും രാജ്യത്തെ ഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്നതായാണ് വോട്ടിങ് ഫലം.

ശനിയാഴ്ച വൈകിട്ട് റിട്ടേണിങ് ഓഫിസറായ ബാരി റയാന്‍ ആണ് ഡബ്ലിന്‍ കാസിലില്‍ വച്ച് വോട്ടിങ് ഫലങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്തത് ജനങ്ങളില്‍ 44.36% പേര്‍ മാത്രമാണ്. 2018-ല്‍ നടന്ന അബോര്‍ഷന്‍ റഫറണ്ടത്തില്‍ 64% പേര്‍ വോട്ട് ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: