മന്ത്രി Roderic O’Gorman-ന്റെ വീടിന് മുന്നിൽ മുഖംമൂടി ധാരികളുടെ പ്രതിഷേധം; ഭയപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടിലെ സാമൂഹികോദ്ഗ്രഥന, ശിശുക്ഷേമ വകുപ്പ് മന്ത്രി Roderic O’Gorman-ന്റെ വീടിന് മുമ്പില്‍ മുഖംമൂടി ധാരികളുടെ പ്രതിഷേധം. വ്യാഴാഴ്ച രാത്രിയാണ് ഗ്രീന്‍ പാര്‍ട്ടി പ്രതിനിധിയായ അദ്ദേഹത്തിന്റെ വെസ്റ്റ് ഡബ്ലിനിലെ വീടിന് മുന്നില്‍ ‘അതിര്‍ത്തികള്‍ അടയ്ക്കുക’ എന്നെഴുതിയ ബാനറും, പ്ലക്കാര്‍ഡുകളുമായി 12-ഓളം പ്രതിഷേധക്കാര്‍ എത്തിയത്. കുടിയേറ്റ വിരുദ്ധരാണ് പ്രതിഷേധത്തിന് പിന്നില്‍ എന്നാണ് കരുതുന്നത്. സംഭവത്തിന്റെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം പ്രതിഷേധക്കാര്‍ വീടിന് മുന്നില്‍ ഉണ്ടായിരുന്ന അത്രയും സമയം ഇവിടെ ഗാര്‍ഡ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

ഇത്തരത്തില്‍ രാഷ്ട്രീയക്കാരുടെ വീടുകളിലും മറ്റും പോയി പ്രതിഷേധം നടത്തുന്നതിനെതിരെ വിവിധയിടങ്ങളില്‍ നിന്നായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംഭവവുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി വക്താവായ Aodhan O’Riordan പ്രതികരിച്ചു. ഇങ്ങനെ പോയാല്‍ ഭാവിയില്‍ അദ്ധ്യാപകര്‍, ഗാര്‍ഡ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വീടുകളിലും ഇത്തരം പ്രതിഷേധങ്ങള്‍ നടന്നേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

സംഭവം ഭയപ്പെടുത്തുന്നതാണെന്ന പ്രതികരണവുമായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസും രംഗത്തെത്തി. സംഭവത്തെത്തുടര്‍ന്ന് O’Gorman-മായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും, പക്ഷേ മുഖംമൂടിയും ധരിച്ച് വീട്ടിലെത്തി പ്രതിഷേധിക്കുന്നത് അരോചകമാണെന്നും ഹാരിസ് വ്യക്തമാക്കി.

ഇത്തരം പ്രതിഷേധങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബ്ബലമാക്കുമെന്ന് മന്ത്രി O’Gorman-നും പ്രതികരിച്ചു.

Share this news

Leave a Reply