ഇന്ത്യയില്‍ നിന്നും നിര്‍മ്മിച്ച് കയറ്റി അയയ്ക്കുന്ന 527 ഭക്ഷ്യോല്പ്പന്നങ്ങളില് കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യൂറോപ്യന്‍ യൂണിയന് ഭക്ഷ്യസുരക്ഷാ വകുപ്പ് (EFSA). ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡുകളായ MDH, Everest എന്നിവയില്‍ കാന്‍സറിന് കാരണമാകുന്ന എഥിലിന്‍ ഓക്സൈഡ് അനുവദനീയമായതിലും അധികം അളവില്‍ കണ്ടെത്തിയതായി ഹോങ്കോങ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി ഇന്ത്യന്‍ നിര്‍മ്മിത ഭക്ഷ്യോല്പ്പന്നങ്ങളില് മാരകമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളതായി EFSA അറിയിച്ചിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെയിരിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് എഥിലിന്‍ ഓക്സൈഡ്. ഭക്ഷ്യോല്പ്പന്നങ്ങളില് ഇവയുടെ പരിമിതമായ രീതിയിലുള്ള ഉപയോഗം അനുവദനീയമാണെങ്കിലും, അമിതമായാല്‍ ഇത് ലിംഫോയ്ഡ് കാന്‍സറിനും, സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സറിനും കാരണമാകുന്നതായി നേരത്തെ തെളിഞ്ഞിട്ടുണ്ട്.
കണ്ടെത്തലിനെ തുടര്‍ന്ന് MDH ഗ്രൂപ്പിന്റെ മദ്രാസ് കറി പൗഡര്‍, സാമ്പാര്‍ മസാല പൗഡര്‍, കറി പൗഡര്‍ മുതലായവ ഹോങ്കോങ് നിരോധിച്ചിരുന്നു. സമാനമായ നടപടി യൂറോപ്യന്‍ യൂണിയനും കൈക്കൊണ്ടു. ഇയുവില്‍ ഭക്ഷ്യവസ്തുക്കളില്‍ എഥിലിന്‍ ഓക്സൈഡ് ഉപയോഗം 1991 മുതല്‍ നിരോധിച്ചതാണ്.
ഹോങ്കോങ് സംഭവത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്നും സ്ഥിരമായി എഥിലിന്‍ ഓക്സൈഡ് സാന്നിദ്ധ്യം കണ്ടെത്താറുള്ള കാര്യം ഇയു അധികൃതര്‍ വെളിപ്പെടുത്തിയത്. 2020 സെപ്റ്റംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ നടത്തിയ പരിശോധനകളില്‍ 525 ഭക്ഷ്യോല്പ്പന്നങ്ങളിലാണ് എഥിലിന്‍ ഓക്സൈഡ് സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതില്‍ 332 ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ മാത്രമായി നിര്‍മ്മിക്കുന്നവയാണ്. ബാക്കി ഇന്ത്യയും, മറ്റ് രാജ്യങ്ങളും കൂട്ടായി നിര്‍മ്മിക്കുന്നതും.
നിയമവിരുദ്ധമായി രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയ ഉല്‍പ്പന്നങ്ങള്‍ ഭൂരിഭാഗവും നട്ട്സ്, സീഡ്സ് എന്നിവയാണ് (313). 60 ഹെര്‍ബ്സ് & സ്പൈസ്, 48 ഡയബറ്റിക്, മറ്റ് 34 ഉല്‍പ്പന്നങ്ങള്‍ എന്നിവയിലും മാരക രാസവസ്തുക്കള്‍ ഇയു അധികൃതര്‍ കണ്ടെത്തി. മിക്കതിലും കണ്ടെത്തിയ രാസവസ്തു എഥിലിന്‍ ഓക്സൈഡ് ആണെന്നും, നിരോധനനടപടികള് എടുത്തതായും EFSA അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എഥിലിന്‍ ഓക്സൈഡിന് പുറമെ കീടനാശിനികള്‍, കാഡ്മിയം, ഫംഗസ് എന്നിവയും വിവിധ ഭക്ഷ്യോല്പ്പന്നങ്ങളില് കണ്ടെത്തിയതായി EFSA വ്യക്തമാക്കുന്നു. മസാലപ്പൊടികള്‍ക്ക് പുറമെ എക്സ്പോര്‍ട്ട് ക്വാളിറ്റി എന്ന പേരിലുള്ള അരിയില്‍ പോലും ഇത്തരം വിഷവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പട്ടികയും ഇയു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പട്ടിക ഇവിടെ: https://images.assettype.com/deccanherald/2024-05/73c5eaad-c2fb-4d07-80ce-a8a00b2a0a67/Full_list.pdf
അതേസമയം ഇവ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് പുറമെ ഇത്തരം വിഷോല്പ്പന്നങ്ങള് കൃഷി നശിക്കാതിരിക്കാനായി അമിതമായി കര്‍ഷകര്‍ ഉപയോഗിക്കുന്നതും ഇവയുടെ അംശം ഉല്‍പ്പന്നങ്ങളില്‍ വര്‍ദ്ധിക്കാന്‍ കാരണമായതായാണ് നിഗമനം.
ഇന്ത്യയുടെ പ്രതികരണം
ഇന്ത്യന്‍ നിര്‍മ്മിത ഭക്ഷ്യോല്പ്പന്നങ്ങളില് വ്യാപകമായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായുള്ള ഇയു കണ്ടെത്തലിനെത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് പ്രത്യേകനടപടികള്‍ കൈക്കൊണ്ടതായി Food Safety and Standards Authority of India (FSSAI) പ്രതികരിച്ചിട്ടുണ്ട്. ഇയുവില്‍ പിടിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മാ പരിശോധന നടത്തിനും, ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനുമായി സമഗ്രമായ പരിശോധനകള്‍ ആരംഭിച്ചതായും FSSAI പറയുന്നു.
ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കേടുവരാതിരിക്കാന്‍ എഥിലിന്‍ ഓക്സൈഡിന് പകരമായി ഗാമ റേ ട്രീറ്റ്മെന്റ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതകളും ഇന്ത്യന്‍ അധികൃതര്‍ വിലയിരുത്തുകയാണ്.