അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഴയും വെയിലും മാറിമറിയുന്ന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. എന്നാല്‍ ഞായറാഴ്ചയോടെ രാജ്യം ചൂടേറിയ കാലാസവസ്ഥയ്ക്ക് വഴിമാറും.
വെള്ളിയാഴ്ച രാത്രിയിലെ തണുപ്പിനും, മൂടല്‍മഞ്ഞിനും ശേഷം ശനിയാഴ്ച പകല്‍ വെയിലിനൊപ്പം മഴയും വന്നുപോകും. തെക്ക്, കിഴക്കന്‍ പ്രദേശങ്ങളെയാണ് മഴ പ്രധാനമായും ബാധിക്കുക. ഇടവിട്ട് മഴ ശക്തമാകുകയും ചെയ്യും. 16 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പരമാവധി താപനില ഉയരുക. വടക്ക്, വടക്കന്‍ കൊണാക്ട് പ്രദേശങ്ങളില്‍ താപനില ഇതിലും താഴ്‌ന്നേക്കും. രാത്രിയില്‍ രാജ്യമാകെ 7 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില താഴും.
ഞായറാഴ്ചയോടെ മേഘങ്ങളൊഴിഞ്ഞ് മാനം തെളിയും. എങ്കിലും മധ്യപ്രദേശങ്ങളിലും, തെക്കും ഉച്ചയ്ക്ക് ശേഷം ചെറിയ ചാറ്റല്‍ മഴ പെയ്‌തേക്കും. താപനില 18 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച രാത്രിയിലും പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. 10 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കും.
തിങ്കളാഴ്ച ചൂട് വീണ്ടും വര്‍ദ്ധിക്കുകയും, അന്തീക്ഷതാപനില 18-22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യുമെന്ന് പറഞ്ഞ കാലാവസ്ഥാ വകുപ്പ്, ചൊവ്വാഴ്ചയോടെ രാജ്യത്ത് വീണ്ടും മഴയെത്തുമെന്നും അറിയിച്ചു.