തണുത്തുറച്ച ഡിസംബറിലെ ഒരു ഐറിഷ് പ്രഭാതം, കൃത്യമായി പറഞ്ഞാൽ 27th ഡിസംബർ 2023.
എന്റെ ഫോണിൽ ചേട്ടന്റെ പേര് തെളിഞ്ഞു…
“എടാ, അച്ഛന്റെ MRI results കിട്ടി, നല്ലതല്ല. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു,” ചേട്ടന്റെ ശബ്ദം ഉറച്ചിരുന്നു, പക്ഷേ ആശങ്ക നിറഞ്ഞതും.
“പ്രോസ്റ്റേറ്റ് ക്യാൻസർ?” ഞാൻ എന്നോട് തന്നെ ചോദിച്ചു,
“അതെ, മോനെ നീ വിഷമിക്കണ്ട… നമുക്ക് നോക്കാം… എല്ലാം ശരിയാകും” ചേട്ടൻ പറഞ്ഞു.
“അച്ഛന്റെ ചികിത്സ തുടങ്ങണം. എന്റെ ഒരു ഡോക്ടർ സുഹൃത്ത് പറയുന്നത്, പരുമല ആശുപത്രി നല്ലതാണെന്നും ഡോ. അഞ്ജു അവിടെയുണ്ടെന്നും, നീ എന്ത് പറയുന്നു? പക്ഷെ ഞാൻ ഇതുവരെ അമ്മയോടും അച്ഛനോടും ഒന്നും പറഞ്ഞിട്ടില്ല” ചേട്ടൻ കൂട്ടിച്ചേർത്തു.
“ചേട്ടാ അത്… പിന്നെ… ഇപ്പൊ…“ ഞാൻ അങ്ങനെ തപ്പിത്തടഞ്ഞ് എനിക്ക് ഒന്നും മുഴുവിപ്പിക്കാൻ ആയില്ല.
“എടാ… എല്ലാം ശരിയാകും…” ചേട്ടന്റെ മറുപടി.
നേഴ്സ്ആയി 24 വർഷമായിട്ടും, അച്ഛന്റെ രോഗവിവരം കേട്ടപ്പോൾ ഞാൻ പൂർണ്ണമായും വിറച്ചുപോയി. എന്നാൽ ഐടി രംഗത്ത് പ്രവർത്തിക്കുന്ന ചേട്ടൻ വളരെ നിശ്ചയദാർഢ്യത്തോടെയും വ്യക്തതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. ചേട്ടൻ എപ്പോഴും തിരക്കിലായിരിക്കും, 24/7 ജോലിയിലേർപ്പെട്ടിരിക്കും. അനാവശ്യ അവധി എടുത്തതായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എന്നാൽ അച്ഛന്റെ രോഗവിവരം കേട്ട ഉടനെ, ചേട്ടൻ ആറുമാസത്തെ അവധി എടുക്കാൻ തീരുമാനിച്ചു. അതിന് ഒരു മിനിറ്റ് പോലും കാത്തിരുന്നില്ല. ചേട്ടൻ അങ്ങനെയാണ്. പ്രതിസന്ധികൾ ചേട്ടന് പുതിയ ഉണർവും ഊർജവും നൽകും.
2007 മുതൽ ഞാനും ധന്യയും അയർലണ്ടിൽ താമസിക്കുന്നു. വർഷത്തിൽ ഒരിക്കൽ മാത്രമേ നാട്ടിൽ വരാറുള്ളൂ, അതും കോവിഡ് സമയത്ത് സാധ്യമായില്ല. ധന്യ വളരെ പ്രായോഗികതയും നിശ്ചയദാർഢ്യവുമുള്ള ആളാണ്. അച്ഛന്റെ രോഗവിവരം അറിഞ്ഞപ്പോൾ ധന്യയുടെ ആദ്യ വാക്കുകൾ “നമുക്ക് വീട്ടിൽ പോകണം, അച്ഛനെ കാണണം, അമ്മയെയും ചേട്ടനെയും സഹായിക്കണം” എന്നായിരുന്നു. ധന്യയുടെ ആ വാക്കുകൾ എന്റെ ദുഃഖത്തിന്റെ മറവിൽ നിന്ന് എനിക്ക് വേഗത്തിൽ തിരിച്ചുവരാൻ വലിയ സഹായം ചെയ്തു.
2024 ജനുവരിയിൽ അച്ഛനെ കാണാൻ അഞ്ചു ദിവസത്തേക്ക് നാട്ടിൽ പോകാൻ ഞാൻ തീരുമാനിച്ചു. യാത്രക്ക് മുന്നോടിയായി എത്രയോ അനിശ്ചിതത്വങ്ങളും ആശങ്കകളും മനസ്സിൽ നിറഞ്ഞു. ജോലികളിൽ നിന്ന് ചെറിയൊരു വിടവാങ്ങൽ, എന്തൊക്കെ സാധനങ്ങൾ കൊണ്ടുപോകണം, അമ്മയ്ക്കും ചേട്ടനുമൊക്കെ എന്തെങ്കിലും സഹായം നൽകാനാകുമോ തുടങ്ങിയ ചിന്തകളെല്ലാം എന്റെ മനസ്സിനെ അലോസരപ്പെടുത്തി. എങ്കിലും, ധന്യയുടെയും ശബരിയുടെയും സഹായത്തോടെ യാത്രയ്ക്ക് വേണ്ട സാധനങ്ങൾ പെട്ടെന്ന് തന്നെ ചിട്ടപ്പെടുത്തി. ചെറിയൊരു ബാഗിൽ അവശ്യ സാധനങ്ങളുമായി ഞാൻ തയ്യാറായി. അച്ഛന്റെ ആരോഗ്യനിലയും വീട്ടിലെ അവസ്ഥയും എന്റെ മനസ്സിനെ തീവ്രമായി ഉലച്ചു.
എങ്കിലും നാട്, വീട് എന്ന ആ വികാരത്തിൽ, എത്രയും വേഗം അവിടെ എത്തണം എന്നൊരു ഉദ്ദേശ്യത്തോടെ ഞാൻ യാത്ര തിരിച്ചു. അച്ഛന്റെ അടുത്തെത്തി ആശ്വാസം നൽകാൻ കഴിയുമെന്ന് കരുതിയുള്ള പ്രതീക്ഷയും അതിനനുസൃതമായ ഉത്സാഹവും മനസ്സിൽ ഉണ്ടായിരുന്നു. ആ പ്രിയപ്പെട്ട നാടിന്റെ വിളിയെ മറികടക്കാനാവാതെ, ഓർമ്മകളുടെ നിറവിലും സ്നേഹത്തിന്റെ വാത്സല്യത്തിലും, വീട്ടിലേക്ക് ഒരു യാത്ര.

വീട്ടിലേക്കുള്ള യാത്രയിൽ സംശയങ്ങളും ഭയങ്ങളും എല്ലാം മനസ്സിലൊരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. വീട്ടിൽ എത്തിയപ്പപ്പോൾ എല്ലാം പഴയപടിപോലെ തന്നെയായി തോന്നി. പക്ഷേ, അച്ഛനെ കണ്ടപ്പോൾ ആ ധാരണ മുഴുവനായും മാറി. അച്ഛൻ കിടപ്പിലായിരുന്നു, വേദനയോടെ. അച്ഛനെ അങ്ങനെ കണ്ടപ്പോൾ, എന്റെ ഹൃദയം രണ്ടായി പിളർന്നുപോയി. എപ്പോഴും എന്റെ പ്രതാപവാനായ ആൺപക്ഷി, ഇങ്ങനെ കിടക്കുമ്പോൾ…
അച്ഛനെ ഇങ്ങനെ കാണുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും അസുഖത്തോടെ കാണാറില്ലായിരുന്ന അച്ഛൻ, മരുന്ന് കഴിക്കുന്നതോ രോഗിയായിരിക്കുന്നതോ ആദ്യമായാണ് കാണുന്നത്. എയർഫോഴ്സിലെ സേവനത്തിന് ശേഷം, അച്ഛൻ എപ്പോഴും വലിയ തിരക്കിലായിരുന്നു. ക്ഷേത്രസംരക്ഷണം, എക്സ് സർവീസ് യൂണിയൻ, പാൽ മാർക്കറ്റിങ് ഫെഡറേഷൻ, മൃഗസംരക്ഷണ സംഘടനകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ആ വേദനയിലും എന്നെ കണ്ടതും, “മോനെ, നീ വന്നോ?” എന്നു പറഞ്ഞുകൊണ്ട്, അച്ഛൻ കരയാൻ തുടങ്ങി. അച്ഛന്റെ കണ്ണുകളിൽ തുളുമ്പുന്ന കണ്ണുനീർ എന്റെ ഹൃദയം തകർത്തു. എന്ത് ചെയ്യണമെന്നറിയാതെ, ഞാൻ അച്ഛനെ ചേർത്തുപിടിച്ച് അരികിൽ ഇരുന്നു.
ആ അഞ്ചു ദിവസം, അച്ഛനോടൊപ്പം ചെലവഴിച്ചത്, എന്റെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ നിമിഷങ്ങളായിരുന്നു. ഓരോ നിമിഷവും ഓരോ ഓർമ്മയായി മനസ്സിൽ പതിഞ്ഞു. എന്റെ കൈകളിൽ അച്ഛൻ തന്റെ വേദനകളെ മറന്ന് ഒരു കുളിർമ്മരുന്നിന്റെ സമാധാനം അനുഭവിച്ചിരിക്കുന്നു. ആ നിമിഷങ്ങളിൽ, എന്റെ ബാല്യകാലത്തെ എല്ലാ ഓർമ്മകളും മനസ്സിൽ പെയ്തിറങ്ങി.
രാത്രിയിൽ ഉണർന്ന്, അച്ഛൻ എന്റെ തലോടലുകളിൽ ആശ്വാസം കണ്ടെത്തുമ്പോൾ, അച്ഛന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന നന്മയുടെ തിളക്കം കണ്ടപ്പോൾ, എന്റെ മനസ്സിൽ ഒരുപാട് പ്രാർത്ഥനകൾ പിറന്നു.
“നാളെ രാവിലെ നമുക്ക് ആശുപത്രിയിൽ പോകണം, മോൻ പോയി ഉറങ്ങിക്കോ…” അച്ഛൻ പറഞ്ഞു. എങ്കിലും ഞാൻ അച്ഛന്റെ തണലിൽ കുറച്ച് കൂടി സമയം ചിലവഴിക്കാൻ ആഗ്രഹിച്ചു. അങ്ങനെ കുറച്ചു കൂടി സമയം അച്ഛന്റെ അരികിൽ ഇരുന്ന്, കൈകൾ പിടിച്ച് ആശ്വസിച്ചു. രാവിലെ ഞാൻ എണീറ്റപ്പോൾ, അച്ഛന്റെ അടുത്തായിരുന്നു, അച്ഛന്റെ കൈകൾ പിടിച്ച്, ചേർത്ത് ഇരിക്കുകയായിരുന്നു.
രാവിലെ തന്നെ ഞങ്ങൾ പരുമല ആശുപത്രിയിലേക്ക് പോയി.
“കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ അച്ഛൻ നടക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ വീൽചെയർ ആവശ്യമുണ്ട്…” ചേട്ടൻ ദീർഘനിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.
പരുമല ആശുപത്രിയിലെ ഞങ്ങളുടെ അനുഭവം, അച്ഛന്റെ ചികിത്സയ്ക്കുള്ള ഏറ്റവും മികച്ച ഇടം തന്നെയാണെന്നു തെളിയിച്ചു. പ്രവേശന കവാടം കടന്നപ്പോൾ തന്നെ, നമുക്ക് പരിചയമില്ലാത്തവർ പോലും ഒരു സുഹൃദ്ബന്ധം പോലെ നമ്മെ വരവേൽക്കുന്നത് ശ്രദ്ധേയമായിരുന്നു. ഡോ. അഞ്ജുവിന്റെയും നഴ്സിംഗ് ടീമിന്റെയും അങ്ങേയറ്റം കാരുണ്യമുള്ള പരിപാലനവും മനുഷ്യത്വവും ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. ആശുപത്രി എത്ര തിരക്കിലുള്ളതായിരുന്നാലും, ഓരോരുത്തർക്കും അവർക്കു വേണ്ട സ്നേഹവും കരുതലും നൽകാൻ ഒരിക്കലും വിട്ടുപോയിട്ടില്ല. അച്ഛന്റെ പ്രശ്നങ്ങളെ തങ്ങളുടെ സ്വന്തം പ്രശ്നങ്ങളായി കണ്ടാണ് അവർ പരിചരിച്ചത്.
അഞ്ചു ദിവസം അച്ഛന്റെ കൂടെ കഴിഞ്ഞു, ഞാൻ അയർലണ്ടിലേക്ക് മടങ്ങി. പക്ഷേ, മാർച്ച് മധ്യത്തിൽ, ധന്യയെയും എന്റെ മകനെയും കൂട്ടി, വീണ്ടും അച്ഛനെ കാണാൻ ഞാൻ നാട്ടിൽ വന്നു. ആ മൂന്ന് ആഴ്ച, ഞങ്ങൾ എല്ലാവരും അച്ഛന്റെ കൂടെ സുഖകരമായ നിമിഷങ്ങൾ പങ്കിട്ടു. അച്ഛന്റെ വേദനയും ബലഹീനതയും മറന്ന്, ആ കാലം ഞങ്ങൾക്കൊക്കെ ഒരു പുതുജീവിതം തന്നു. ഓരോ നിമിഷവും എന്റെ മനസ്സിൽ അനശ്വര ഓർമ്മകളായി പതിഞ്ഞു.
ഈ സന്ദർശനത്തിനുശേഷം, ഞങ്ങൾ അയർലണ്ടിലേക്ക് തിരിച്ചുപോയി. യാത്രയിൽ വച്ച് എന്റെ മനസ്സിൽ നിറഞ്ഞിരുന്ന ആശങ്കകളും ഓർമ്മകളും ബാക്കിയായി. അച്ഛന്റെ ആരോഗ്യ നില ദിനംപ്രതി മാറിക്കൊണ്ടിരുന്നു. ചേട്ടൻ, തന്റെ ജോലിയും കുടുംബപരമായ ചുമതലകളും മാറ്റിവെച്ച്, മുഴുവൻ സമയവും അച്ഛന്റെ അടുത്തിരുന്നു. അമ്മയും അതുപോലെ തന്നെ, അച്ഛന്റെ വേദനകളും ബുദ്ധിമുട്ടുകളും കുറയ്ക്കാനായി എല്ലാം ചെയ്തു.
അച്ഛന്റെ പരിപാലനത്തിനായി ലീലാമ്മ ചേച്ചി എന്ന അനുഭവസമ്പന്നയായ ഒരു ഹോം നഴ്‌സിനെ ലഭിച്ചു. ലീലാമ്മ ചേച്ചി, ഒരു പരിചരണ ദേവതയെപ്പോലെ, അച്ഛന്റെ അടുത്ത് എത്തി. ചേച്ചി, തന്റെ പരിചരണത്തിലൂടെ, അച്ഛന്റെ വേദന കുറയ്ക്കാനും ആശ്വസിപ്പിക്കാനും മുഴുവനായും മികവ് തെളിയിച്ചു. അവരുടെ നൈപുണ്യവും സഹാനുഭാവവും, ഓരോ നിമിഷവും അച്ഛന്റെ ജീവിതത്തിൽ ഒരു പുതു പ്രകാശമായി. അവരുടെ സമർപ്പിത പ്രവർത്തനങ്ങൾ, അമ്മയ്ക്കും ചേട്ടനും വലിയ ആശ്വാസമായിരുന്നു. അച്ഛന്റെ ശരീര ശുചീകരണം, മരുന്നുകൾ നൽകൽ, ഭക്ഷണത്തിൽ ശ്രദ്ധ, എല്ലാത്തിലും അവർ ഒരു മാതൃകയായി. ലീലാമ്മ ചേച്ചിയുടെ സാന്നിധ്യം, വീട്ടിൽ ഒരു പുതു ആത്മവിശ്വാസം നല്കി. അവർ അച്ഛന്റെ കൂടെ ചിലവഴിച്ച ഓരോ നിമിഷവും, ഒരു സ്നേഹത്തിന്റെ ബലമായി മാറി. ചേച്ചിയുടെ നൈപുണ്യവും കാരുണ്യവും ചേർന്ന ശുശ്രൂഷ, അച്ഛന്റെ ജീവിതത്തിലെ അവസാന നാളുകളിൽ അച്ഛന് വലിയ ആശ്വാസം നൽകിയിരുന്നു.
മെയ് മാസത്തിന്റെ തുടക്കത്തിൽ, അച്ഛന് ചെസ്റ്റ് ഇൻഫെക്ഷൻ പിടിപെട്ടു. ഇതിനെ തുടർന്ന്, ഏഴു ദിവസത്തേക്ക് ആന്റിബയോട്ടിക് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഡിസ്ചാർജിനുശേഷം, അച്ഛന്റെ ആരോഗ്യനില വലുതായി മാറിയിരുന്നു.
ഒരു വൈകുന്നേരം, അച്ഛന്റെ ആരോഗ്യസ്ഥിതി വഷളായ വിവരം കേട്ടതിന്റെ തിങ്ങലിൽ, അടുത്ത ദിവസം വീട്ടിലേക്ക് പറക്കാൻ ഞാൻ ഉടനെ തീരുമാനിച്ചു. ഫ്ലൈറ്റ് ടിക്കറ്റ് അടിയന്തിരമായി ബുക്ക് ചെയ്യുകയും, ചെറിയൊരു ബാഗിൽ എത്രമാത്രം സാധനങ്ങൾ എടുക്കാനാകുന്നുവോ അത്ര മാത്രം എടുക്കുകയും ചെയ്തു. രാവിലെ വേഗത്തിൽ പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു. അച്ഛനോടൊപ്പം ചിലവഴിക്കാനുള്ള സമയം അത്രയേറെ മൂല്യമേറിയതാണെന്ന് എനിക്കറിയാമായിരുന്നു. അച്ഛന്റെ പ്രിയപ്പെട്ട ഓർമ്മകളിൽ ഓരോ നിമിഷവും സ്നേഹത്താൽ നിറഞ്ഞവയായിരുന്നു. അതിനാൽ, അച്ഛനെ വീണ്ടും കാണാനായി എത്രയും വേഗത്തിൽ യാത്ര ചെയ്യാൻ ഞാൻ ആഗ്രഹിച്ചു.
ആ രാത്രിയിൽ, നനവാർന്ന ഓർമ്മകളുടെ പരിമളവും, വേദനയുടെ ഭാരവും മനസ്സിൽ നിറഞ്ഞുനിന്നു. അച്ഛനോടൊപ്പം നല്ല സമയം ചെലവഴിക്കാൻ വീണ്ടും ഒരു അവസരം കിട്ടുന്നുവെന്ന ആശ്വാസം എനിക്ക് കരുത്തേകി. അതിനാൽ, ആ യാത്ര എനിക്ക് വെറുതെയല്ല, മറിച്ച് ഒരുപാട് പ്രതീക്ഷകൾ നിറഞ്ഞതായിരുന്നു.
2024 മേയ് 17നു പുലർച്ചെ 12:45ന്, ചേട്ടന്റെ മറ്റൊരു ഫോൺ കോൾ വന്നപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. എന്റെ യാത്രാ വിശദാംശങ്ങൾക്കായാണ് ചേട്ടൻ വിളിച്ചതെന്നു ഞാൻ കരുതിയിരുന്നു. ഫോണെടുത്തപ്പോൾ മറുവശത്ത് മൗനം മാത്രം. “ചേട്ടാ, ഞാൻ ഈ രാവിലെ ഫ്ലൈറ്റ് എടുക്കുന്നു,” ഞാൻ പറഞ്ഞു. “എയർപോർട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്.” എങ്കിലും, മറുവശത്ത് നിന്ന് മൗനം തന്നെ.
ആ നിമിഷം നിശ്ശബ്ദതയുടെ ഭാരം കവിഞ്ഞു. ചേട്ടന്റെ അപ്രതീക്ഷിതമായ മൗനം എന്റെ ഹൃദയം തകർത്തു. ക്ഷീണത്തെ മറികടന്ന്, ചേട്ടൻ തന്റെ വേദനയുടെ തീവ്രതയോടെ വാക്കുകൾ കണ്ടെത്തി, “എടാ, അച്ഛൻ പോയി.”
എന്റെ ചുറ്റുപാടുമെല്ലാം നിലച്ചുപോയി, എല്ലാം അസ്ഥിരമായി. ഞാൻ ഒരു തണുത്ത മനുഷ്യനായി അവിടെ നിശ്ചലമായി നിന്നു.
എന്റെ മനസ്സ് ഒന്നുമാത്രം ചോദിച്ചു “ശരി, ശരി, ചേട്ടാ… അമ്മ എവിടെയാണ്?”
2023 ഡിസംബർ 27 മുതൽ 2024 മേയ് 17 വരെയുള്ള ഈ അനുഭവം, എനിക്ക് ഒരു പാഠപുസ്തകമായിരുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾ എത്ര തീവ്രമായാലും, പ്രിയപ്പെട്ടവരുടെ കരുത്തും സ്നേഹവും നമ്മെ എങ്ങനെ ഉയർത്തിപ്പിടിക്കുമെന്ന് ഈ കാലയളവിൽ ഞാൻ അനുഭവിച്ചു.
ഈ അനുഭവങ്ങൾക്കിടയിൽ, പല “നന്മ മരങ്ങളെ” ഞാൻ കണ്ടുമുട്ടി. അവരുടെ ധൈര്യവും കരുത്തും എനിക്ക് മികവിന്റെ മാതൃകയായി. അച്ഛന്റെ ചികിത്സയിൽ മുഴുവൻ സമയവും പ്രയത്‌നിച്ചും, തന്റെ ജോലിയും കുടുംബവും ഒത്തുതീർത്തും കൊണ്ടുള്ള ചേട്ടന്റെ വീര്യവും നിസ്വാർഥതയും എനിക്ക് ആദർശമായി.
ചേട്ടത്തിയമ്മ, അച്ഛന്റെ വേദനയും ബുദ്ധിമുട്ടുകളും കുറയ്ക്കാൻ തന്റെ സമയം മുഴുവൻ സമർപ്പിച്ച, സ്നേഹത്തിന്റെ പ്രതിരൂപമായിരുന്നു. ചേട്ടത്തിയമ്മയുടെ നിസ്വാർത്ഥ സേവനവും അതിരഹിത സഹനശക്തിയും എനിക്ക് എപ്പോഴും അഭിമാനമായിരുന്നു.
ധന്യ, ഈ പ്രതിസന്ധികാലത്ത്, മനസ്സിന് കരുത്തായി. ധന്യയുടെ നിശ്ചയദാർഢ്യവും പ്രായോഗികതയും എനിക്ക് വലിയ സഹായം ചെയ്തു. അനുഭവങ്ങളിൽ നിന്ന് എങ്ങനെ കരുതലും പിന്തുണയും നൽകാമെന്നു പഠിപ്പിച്ചു.
അച്ഛന്റെ ജീവതത്തിലുടനീളം അമ്മയുടെ സ്നേഹവും കരുതലും എന്നും അച്ഛൻ അനുഭവിച്ചു. അച്ഛന്റെ രോഗകാലത്തും, അമ്മ തന്റെ അദ്ഭുതകരമായ സഹനശേഷിയും കരുതലും കൊണ്ട്, അച്ഛനെ ആശ്വസിപ്പിച്ചു. അച്ഛന്റെ വേദനയും ബുദ്ധിമുട്ടും കാണുമ്പോഴും, അമ്മയുടെ മുഖത്തു കാണപ്പെട്ട കാരുണ്യം, അമ്മയുടെ മനസ്സിന്റെ നന്മയും ത്യാഗവും വ്യക്തമാക്കിയിരുന്നു. അച്ഛന്റെ ഓർമ്മകളിൽ അമ്മയുടെ സ്നേഹവും ത്യാഗവും എന്നും ജീവിക്കും.
എന്റെ Mission Kerry friends, എല്ലാ സങ്കടപ്പാടുകൾക്കിടയിൽ എനിക്ക് പിന്തുണയായും ആശ്വാസമായും നിന്നു. അവരുടെ സ്നേഹവും പിന്തുണയും, എനിക്ക് ശക്തിയും ആത്മവിശ്വാസവും നൽകുകയും, ഈ ദു:ഖത്തിൽ നിന്ന് മോചനം കണ്ടെത്തുവാൻ സഹായിക്കുകയും ചെയ്തു.
അച്ഛനെ ഞാൻ ഒരിക്കലും മറക്കില്ല. അച്ഛൻ എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും. അച്ഛന്റെ സ്നേഹവും, കരുത്തും, എല്ലാം എനിക്ക് വഴികാട്ടിയാണ്. അച്ഛന്റെ ഓർമ്മകൾ എപ്പോഴും എനിക്ക് പ്രചോദനമായിരിക്കും. അച്ഛന്റെ അന്ത്യം എനിക്ക് ഒരിക്കലും നികത്താനാവാത്തൊരു ശൂന്യത തന്നു. എന്നാൽ, ചേട്ടൻ, തന്റെ പ്രയത്‌നവും കരുത്തും കൊണ്ട്, ആ ശൂന്യതയെ നികത്താൻ ശ്രമിച്ചു. ഇനി മുതൽ, ചേട്ടൻ എന്റെ മനസ്സിൽ അച്ഛന്റെ പ്രത്യേക സ്ഥാനം നികത്തും. ചേട്ടൻ, തന്റെ ജീവന്റെയും സ്നേഹത്തിന്റെയും നിസ്വാർത്ഥമായ സമർപ്പണം കൊണ്ട്, എനിക്ക് അച്ഛന്റെ സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു, അച്ഛന്റെ സ്നേഹത്തിന്റെ ഒരു പ്രതിരൂപമായി.
-ബിനു ഉപേന്ദ്രൻ