അഡ്വ. ജിതിൻ റാം
അയര്‍ലണ്ടില്‍ ആകെ 10 പൊതു അവധിദിനങ്ങളാണ് ഉള്ളത്. പ്രത്യേക പരിപാടികളുള്ള ദിവസങ്ങളോ, പ്രമുഖരുടെ ഓര്‍മ്മയ്ക്കോ എല്ലാമായാണ് പൊതു അവധി നല്‍കിവരുന്നത്. പൊതു അവധിദിനങ്ങള്‍ ബാങ്ക് ഹോളിഡേ എന്നും അയര്‍ലണ്ടില്‍ അറിയപ്പെടുന്നു. സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ബാങ്കുകള്‍ മുതലായവയ്ക്കെല്ലാം ഈ ദിവസങ്ങളില്‍ പൂര്‍ണ്ണ അവധി നല്‍കുകയും, പൊതുഗതാഗതം ഭാഗികമായി പ്രവര്‍ത്തിക്കുകയും ചെയ്യുനു.
രാജ്യത്തെ പൊതു അവധിദിനങ്ങള്‍
രാജ്യത്തെ പൊതു അവധിദിനങ്ങള്‍ താഴെ പറയുന്നവയാണ്:
പുതുവര്‍ഷം – ജനുവരി 1
സെന്റ് ബ്രിജിഡ്സ് ഡേ- ഫെബ്രുവരിയിലെ ആദ്യത്തെ തിങ്കള്‍ അല്ലെങ്കില്‍ ഫെബ്രുവരി 1 വെള്ളിയാഴ്ച ആണെങ്കില്‍ ആ ദിവസം
സെന്റ് പാട്രിക്സ് ഡേ- മാര്‍ച്ച് 17
ഈസ്റ്റര്‍ തിങ്കളാഴ്ച
മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ച
ജൂണ്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച
ഓഗസ്റ്റിലെ ആദ്യ തിങ്കളാഴ്ച
ഒക്ടോബറിലെ അവസാനത്തെ തിങ്കളാഴ്ച
ക്രിസ്മസ്- ഡിസംബര്‍ 25
സെന്റ് സ്റ്റീഫന്‍സ് ഡേ- ഡിസംബര്‍ 26
ദുഃഖവെള്ളി രാജ്യത്ത് ഔദ്യോഗികമായി പൊതു അവധിദിനമായി കണക്കാക്കുന്നില്ലെങ്കിലും ചില സ്കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ അവധി നല്‍കാറുണ്ട്.
പൊതു അവധിദിനവും ജോലിയും
രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും പൊതു അവധിദിനത്തില്‍ ശമ്പളത്തോടെയുള്ള അവധി ലഭിക്കും. താഴെ പറയുന്ന ഏതെങ്കിലും ഒരു ആനുകൂല്യമായാണ് ഇത് ലഭിക്കുക:
പൊതു അവധിദിനത്തില്‍ ശമ്പളത്തോടു കൂടിയുള്ള ലീവ്
വാര്‍ഷിക അവധിയില്‍ ഒരു ദിവസം അധിക ലീവ്
ഒരു ദിവസത്തെ അധിക ശമ്പളം
പൊതു അവധിദിനം ഉള്ള മാസത്തിലെ മറ്റേതെങ്കിലും ഒരു ദിവസം ശമ്പളത്തോടുകൂടി ലീവ്
മേല്‍ പറഞ്ഞവയില്‍ ഏത് ആനുകൂല്യമാണ് ലഭിക്കുക എന്ന് നിങ്ങള്‍ക്ക് അവധിദിനത്തിന് 21 ദിവസം മുമ്പ് തൊഴിലുടമയോട് ചോദിക്കാം. പൊതു അവധിദിനത്തിന് 14 ദിവസം മുമ്പെങ്കിലും തൊഴിലുടമ നിങ്ങളോട് ആനുകൂല്യത്തിന്റെ കാര്യം സംസാരിക്കുന്നില്ല എങ്കില്‍, പൊതു അവധിദിനം നിങ്ങള്‍ക്ക് ശമ്പളത്തോടെ ലീവ് എടുക്കാവുന്നതാണ്. Organisation of Working Time Act 1997-ല്‍ ആണ് ഇത് സംബന്ധിച്ച നിയമസാധുത വ്യക്തമാക്കിയിരിക്കുന്നത്.
പാര്‍ട്ട് ടൈം ജോലിക്കാര്‍ ആണെങ്കില്‍
പാര്‍ട്ട് ടൈം ജോലിക്കാര്‍ ആണെങ്കില്‍ പൊതു അവധിക്ക് തൊട്ടുമുമ്പുള്ള 5 ആഴ്ചകള്‍ക്കിടെ കുറഞ്ഞത് 40 മണിക്കൂര്‍ ജോലിസമയം പൂര്‍ത്തിയാക്കുകയും, പിന്നീട് വരുന്ന ദിവസം പൊതു അവധിദിനം ആകുകയുമാണെങ്കില് ശമ്പളത്തോടുകൂടിയുള്ള ലീവിന് അര്‍ഹരാണ്. അതേസമയം ഈ പൊതുഅവധിദിനം സാധാരണ നിങ്ങള്‍ ജോലി ചെയ്യുന്ന ദിവസം ആയിരിക്കണം.
അഥവാ ഈ പൊതുഅവധിദിനം വരുന്നത് നിങ്ങള്‍ സാധാരണയായി ജോലി ചെയ്യാത്ത ദിവസത്തിലാണെങ്കില്‍, ആഴ്ചയിലെ ആകെ കൂലിയുടെ അഞ്ചില്‍ ഒന്ന് ലഭിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പൊതുഅവധിദിനത്തില് ഒരിക്കലും ജോലി ചെയ്യാത്തവരാണ് നിങ്ങളെങ്കിലും ആഴ്ചക്കൂലിയുടെ അഞ്ചിലൊന്ന് ലഭിക്കാന്‍ നിയമപ്രകാരം അര്‍ഹരാണ്.
പൊതുഅവധിദിനത്തിന് മുന്നോടിയായുള്ള അഞ്ച് ആഴ്ചകളിലെ 40 മണിക്കൂര്‍ ജോലിസമയം കണക്കാക്കുമ്പോള്‍, വാര്‍ഷികാവധി ലഭിച്ച ദിനവും ജോലി ചെയ്ത ദിനമായി കണക്കാക്കാവുന്നതാണ്.
പൊതുഅവധിദിനത്തില് തൊഴിലുടമ അവധിയോ, ആനുകൂല്യങ്ങളോ തരാതിരിക്കുകയാണെങ്കില്‍ Organisation of Working Time Act അനുസരിച്ച് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ പരാതി നല്‍കാവുന്നതാണ്. സംഭവം ഉണ്ടായി ആറ് മാസത്തിനകം WRC-യുടെ ഓണ്‍ലൈന്‍ ഫോം ഉപയോഗിച്ച് വേണം പരാതി നല്കാന്.
പൊതുഅവധി, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.citizensinformation.ie/en/employment/employment-rights-and-conditions/leave-and-holidays/public-holidays/
ലേഖകൻ:
Adv. Jithin Ram
Mob: 089 211 3987
Louis Kennedy Solicitors
Email: info@louiskennedysolicitors.ie
കടപ്പാട്: അഡ്വ. ജയ തറയിൽ, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്