ഗാര്‍ഡ ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറ ഉപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമായി. വെള്ളിയാഴ്ച ഡബ്ലിനില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് proof of concept (PoC) എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണാര്‍ത്ഥമുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഏകദേശം 700 ഗാര്‍ഡ ഉദ്യോഗസ്ഥരാണ് പരീക്ഷണഘട്ടത്തില്‍ ഡ്യൂട്ടിക്കിടെ ബോഡി ക്യാമറകള്‍ ഉപയോഗിക്കുക.
Pearse Street station, Kevin Street station, Store Street station എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ യൂണിഫോമിനൊപ്പം ശരീരത്തില്‍ ചെറുകാമറകളും ധരിച്ചിട്ടുണ്ടാകും. വരും മാസങ്ങളില്‍ വാട്ടര്‍ഫോര്‍ഡ് സ്റ്റേഷനിലും, ലിമറിക്കിലെ Henry Street station-ലും ഉള്ള ഉദ്യോഗസ്ഥര്‍ക്കും ക്യാമറകള്‍ നല്‍കും.
ഗാര്‍ഡയ്ക്കും, സമൂഹത്തിനും സുരക്ഷ നല്കാന് ക്യാമറ ഉപയോഗിച്ചുള്ള പുതിയ ടെക്നോളജി സഹായിക്കുമെന്ന് പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം പ്രധാനമന്ത്രി ഹാരിസ് പറഞ്ഞു. ഒപ്പം തെളിവുകള്‍ ശേഖരിക്കുന്നതിനും വലിയ രീതിയില്‍ ക്യാമറകള്‍ ഗുണം ചെയ്യും. ക്യാമറകള്‍ പ്രവര്ത്തിമണ്ഡലത്തിലെത്തുന്നതോടെ ഗാര്‍ഡ മോശമായി പെരുമാറുന്നു എന്ന പരാതികളും കുറയുമെന്നാണ് പ്രതീക്ഷ.

ഡബ്ലിനിലെ ഗാര്‍ഡ ഉപയോഗിക്കുന്ന ക്യാമറകള്‍ നിര്‍മ്മിച്ചിരിക്കുന്നത് Axon എന്ന കമ്പനിയാണ്. ലിമറിക്കില്‍ Reveal എന്ന കമ്പനിക്കും, വാട്ടര്ഫോര്ഡില് Motorola-യ്ക്കുമാണ് ക്യാമറകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്.
വീഡിയോയും, ഓഡിയോയും റെക്കോര്‍ഡ് ചെയ്യാവുന്ന ക്യാമറ പക്ഷേ മുഴുവവന്‍ സമയവും റെക്കോര്‍ഡ് മോഡില്‍ ആയിരിക്കില്ല. തെളിവ് ശേഖരിക്കാനും മറ്റുമായി റെക്കോര്‍ഡ് ചെയ്യണമെന്ന് തോന്നിയാല്‍ മാത്രം ക്യാമറ ധരിച്ചിരിക്കുന്ന ഗാര്‍ഡയ്ക്ക് റെക്കോര്‍ഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം. റെക്കോര്‍ഡര്‍ ഓണ്‍ ചെയ്യുന്ന പക്ഷം അക്കാര്യം ഗാര്‍ഡ പൊതുജനത്തെ അറിയിക്കണം. റെക്കോര്‍ഡ് ചെയ്യപ്പെടുമ്പോള്‍ ക്യാമറയിലെ ചുവന്ന ലൈറ്റ് മിന്നുകയും ചെയ്യും.
160 ഡിഗ്രി വരെ ഫീല്‍ഡ് വിഷനും, 64 ജിബി മെമ്മറി കപ്പാസിറ്റിയുമാണ് ക്യാമറകള്‍ക്കുള്ളത്. 16 മണിക്കൂര്‍ വരെ ഇവ ഉപയോഗിച്ച് തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്യാം. സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം ഈ ദൃശ്യങ്ങള്‍ Digital Evidence Management System (DEMS)-ലേയ്ക്ക് മാറ്റും. അപ്പോള്‍ മാത്രമേ അവ കാണാനും സാധിക്കൂ. ഗാര്‍ഡയുടെ ബാഡ്ജിലുള്ള ഐഡി ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാന്‍ കഴിയുകയുമുള്ളൂ.
31 ദിവസത്തേയ്ക്കാണ് ദൃശ്യങ്ങള്‍ DEMS-ല്‍ സൂക്ഷിക്കുക. ശേഷം തെളിവ് ശേഖരിക്കാന്‍ ആവശ്യമെന്ന് പ്രത്യേകം ടാഗ് ചെയ്യാത്ത പക്ഷം അവ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുകയും ചെയ്യും.