യൂറോപ്യൻ ചാംപ്യൻഷിപ്പിൽ അയർലണ്ടിനായി മൂന്ന് മെഡലുകൾ നേടിയ താരത്തിന് സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പിന്തുണയുമായി പ്രധാനമന്ത്രി

ഇക്കഴിഞ്ഞ യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി സ്വര്‍ണ്ണമടക്കം മൂന്ന് മെഡലുകള്‍ നേടിയ അത്‌ലറ്റിക്‌സ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. താല സ്വദേശിയായ 21-കാരി Rhasidat Adeleke-യ്ക്ക് നേരെയാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. കമന്റുകള്‍ വായിച്ച Adeleke, കരയുകയായിരുന്നുവെന്ന് അവരുടെ അമേരിക്കാരനായ കോച്ച് Edrick Floreal വെളിപ്പെടുത്തി.

കഴിഞ്ഞയാഴ്ച റോമില്‍ നടന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 4X400 മീറ്റര്‍ മികസ്ഡ് റിലേയില്‍ സ്വര്‍ണ്ണം നേടിയ ടീമില്‍ അംഗമായിരുന്നു Adeleke. ഇത് കൂടാതെ വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ടീമിലും അംഗമായ അവര്‍, വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ വ്യക്തിഗത വെള്ളി മെഡലും നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയിരുന്നു.

അതേസമയം താരത്തിന് പിന്തുണയുമായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് രംഗത്തെത്തി. ഒരു വേള്‍ഡ് ക്ലാസ് ചാംപ്യനും, മനുഷ്യനുമാണ് Rhasidat Adeleke എന്നും, രാജ്യത്തെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെയും, ആണ്‍കുട്ടികളെയും പ്രചോദിപ്പിച്ചയാളാണെന്നും ഹാരിസ് ട്വിറ്ററില്‍ കുറിച്ചു. ഓണ്‍ലൈനിലെ ഭീരുക്കളുടെ പെരുമാറ്റത്തില്‍ തളരരുതെന്നും, താങ്കള്‍ അയര്‍ലണ്ടുകാരിയാണെന്നും, താങ്കളുടെ നേട്ടത്തില്‍ അയര്‍ലണ്ട് അഭിമാനിക്കുന്നുവെന്നും പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ആറ് ദേശീയ റെക്കോര്‍ഡുകളുടെ ഉടമയായ Adeleke, ഈ വരുന്ന പാരിസ് ഒളിംപിക്‌സില്‍ അയര്‍ലണ്ടിന്റെ മെഡല്‍ പ്രതീക്ഷയാണ്.

Share this news

Leave a Reply

%d bloggers like this: