യുകെയില്‍ അന്തരിച്ച മലയാളിയായ ജോജോ ഫ്രാന്‍സിസിന്റെ ഭൗതികദേഹം നാട്ടിലെത്തിക്കാന്‍ ഉദാരമതികളുടെ സഹായം തേടി കുടുംബം. ജൂണ്‍ 28-നാണ് യുകെയിലെ ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോജോ അന്തരിച്ചത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ശേഷം മരണം സംഭവിക്കുകയായിരുന്നു. ബെഡ്‌ഫോര്‍ഡിനടുത്തുള്ള സെന്റ് നോട്ട്‌സിലെ ഒരു നഴ്‌സിങ് ഹോമില്‍ കെയററായി ജോലി ചെയ്യുകയാണ് ഭാര്യ റീനമോള്‍ ആന്റണി. മകന്‍ ലിയോ 11-ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
റീനയുടെ അനുജത്തി ജീന ആന്റണി ഡബ്ലിനില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്.
കേരളത്തില്‍ ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയായ ജോജോ, ഒരു വര്‍ഷം മുമ്പാണ് ഭാര്യയ്‌ക്കൊപ്പം യുകെയിലെത്തിയത്. നാട്ടില്‍ ചെറിയൊരു ബിസിനസ് നടത്തി നഷ്ടം വന്നതോടെ പുതുജീവിതം തേടി കുടുംബം പ്രവാസികളാകുകയായിരുന്നു. ഭാര്യ റീനയ്ക്ക് നഴ്‌സിങ് ഹോമില്‍ ജോലി ലഭിച്ചെങ്കിലും ജോജോയ്ക്ക് ഏറെ പണിപ്പെട്ട് ഈയിടെയാണ് ജോലി ശരിയായത്. അതിന് ചേരാനിരിക്കെയാണ് വിയോഗം. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നതിന് ചില മരുന്നുകള്‍ കഴിക്കുന്നതൊഴിച്ചാല്‍ മറ്റ് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ജോജോയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും, അനുബന്ധ ചെലവുകള്‍ക്കുമായി ഒരു GoFundMe കാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. അഭ്യുദയകാംക്ഷികളായ പ്രവാസികള്‍ കഴിയും പോലെ സഹായം നല്‍കുന്നത് ഈ അവസരത്തില്‍ റീനയ്ക്കും മകനും വലിയ ആശ്വാസമാകും.
സഹായം നല്‍കാനായി: https://gofund.me/e83a27ee