യുകെ പൊതുതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. നിലവിലെ പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. ഏറ്റവും പുതിയ കണക്കുളനുസരിച്ച് 650 എംപിമാരുള്ള ഹൗസ് ഓഫ് കോമണ്‍സില്‍ 410 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടിക്കഴിഞ്ഞു. വെറും 118 സീറ്റുകളില്‍ മാത്രമേ കണ്‍സര്‍വേറ്റീവ്‌സിന് വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നത് എക്‌സിറ്റ് പോള്‍ ഫലങ്ങളെ അതേപടി ശരിവയ്ക്കുന്നതാണ്. 326 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇതോടെ ലേബര്‍ പാര്‍ട്ടിയുടെ കെയര്‍ സ്റ്റാമര്‍ പുതിയ യുകെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
അതേസമയം യുകെയുടെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടില്‍ വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത് Sinn Fein ആണ്. ആകെ 18 മണ്ഡലങ്ങളാണ് വടക്കന്‍ അയര്‍ലണ്ടിലുള്ളത്. ഇതില്‍ ഏഴെണ്ണത്തില്‍ Sinn Fein വിജയിച്ചു. അവരുടെ പ്രധാന എതിരാളികളായ Democratic Unionist Party (DUP) നാല് സീറ്റുകളിലാണ് വിജയിച്ചത്. മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ നാല് സീറ്റുകള്‍ DUP-ക്ക് നഷ്ടമായപ്പോള്‍ 2019 തെരഞ്ഞെടുപ്പിലെ അതേ എണ്ണം സീറ്റുകളില്‍ വീണ്ടും വിജയിക്കാന്‍ Sinn Fein-ന് ആയി. SDLP 2, APNI 1, UUP 1, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് ബാക്കി സീറ്റ് നില. ഒരു സീറ്റിലെ ഫലം വന്നിട്ടില്ല.
DUP മുന്‍ നേതാവായ സര്‍ ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ പീഡനം അടക്കമുള്ള ലൈംഗികാതിക്രമ കേസുകളില്‍ വിചാരണ നേരിടുന്നതിനിടെയാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. 18 ആരോപണങ്ങളാണ് ഡൊണാള്‍ഡ്‌സണ് നേരെ ഉള്ളത്. ഇതെത്തുടര്‍ന്ന് ഡൊണാള്‍ഡ്‌സണ്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. ഡൊണാള്‍ഡ്‌സന്റെ ഭാര്യ ലേഡി എലനോര്‍ ഡൊണാള്‍ഡ്‌സനും ഇതേ കേസില്‍ സഹായം നല്‍കിയതിനടക്കം വിചാരണ നേരിട്ടുവരികയാണ്.