മേയർ ബേബി പെരേപ്പാടനും കൗൺസിലർമാർക്കും ‘മലയാളം’ സ്വീകരണം നൽകി

സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനും, മറ്റു കൗൺസിലർമാർക്കും അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഹൃദ്യമായ സ്വീകരണം നൽകി. താലാ പ്ലാസ ഹോട്ടലിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രസിഡന്റ്‌ ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു. അയർലണ്ടിലെ ഇന്ത്യൻ അംബാസ്സഡർ ശ്രീ. അഖിലേഷ് മിശ്ര യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ചു. അയർലണ്ടിലെ ബിസിനസ്സ് ആൻഡ് എംപ്ലോയ്മെന്റ് വകുപ്പു മന്ത്രി ഈമർ ഹിഗ്ഗിൻസ് മുഖ്യാതിഥി ആയിരുന്നു.

അയർലണ്ടിലെ ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ വിവിധ മേഖലകളിലായി ഈ രാജ്യത്തിനു നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ട് ഇരുവരും സംസാരിച്ചു. കോളം ബ്രോഫി TD ആശംസ അറിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ഡോ. ജസ്‌ബീർ സിങ് പുരി, ഡോ. ഹേമന്ത് കുമാർ, സിറാജ് സെയ്ദി, പ്രശാന്ത് ശുക്ല, ലിങ്ക് വിൻസ്റ്റാർ, ഷൈൻ പുഷ്പാംഗതൻ, ജയ്മോൻ പാലാട്ടി, അലക്സ്‌ ജേക്കബ്, രാജു കുന്നക്കാട്ട്, നിവിൻ ചാക്കോ എന്നിവർ ആശംസകളർപ്പിച്ചു.
മലയാളം സംഘടന പ്രത്യേകം രൂപകൽപ്പന ചെയ്ത മെമെന്റോ മേയർക്കും, കൗൺസിലർമാർക്കും നൽകിക്കൊണ്ട് മലയാളം അവരെ ആദരിച്ചു.

സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് മേയർ ബേബി പെരേപ്പാടനും, കൗൺസിലർമാരായ സുപ്രിയാ സിങ്ങും, ഫെൽജിൻ ജോസും സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരായ പുനം റാണെ, ഡോ. ബ്രിട്ടോ പെരേപ്പാടൻ, തോമസ് ജോസഫ് എന്നിവർ സ്ഥലത്തില്ലാതിരുന്നതു കൊണ്ട് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.

സെക്രട്ടറി രാജൻ ദേവസ്യ സ്വാഗതവും, ലോറൻസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു. ഗ്രേസ് മരിയ ജോസ് ചടങ്ങിൽ അവതാരക ആയിരുന്നു.

Share this news

Leave a Reply