മമ്മൂട്ടിക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിക്കാത്തതിന് കാരണം രാഷ്ട്രീയമല്ലെന്നും, അദ്ദേഹത്തിന്റെ സിനിമകള്‍ മത്സരത്തിന് അയയ്ക്കാത്തതാണെന്നും സംവിധായകന് എം.ബി പദ്മകുമാര്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്രപുരസ്കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത് കന്നഡ നടനായ ഋഷഭ് ഷെട്ടിയായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം റോഷാക്ക് എന്നീ സിനിമകളുമായി മമ്മൂട്ടി ഋഷഭിനൊപ്പം പുരസ്കാര നിര്‍ണ്ണയ മത്സരത്തിനായി അവസാന റൗണ്ട് വരെ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, ഫലം വന്നപ്പോള്‍ മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചിരുന്നില്ല.
ഇതോടെ രാഷ്ട്രീയ ഇടപെടലാണ് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നഷ്ടമാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അതിനെ നിരാകരിക്കുകയാണ് ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള സിനിമകളെ ദേശീയ അവാര്ഡിനയയ്ക്കാനായി പരിഗണിച്ച ഇത്തവണത്തെ അഞ്ചംഗ ജൂറിയിലെ അംഗമായ പദ്മകുമാര്‍.
2022-ലെ ദേശീയ അവാര്‍ഡാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അവാര്‍ഡിനായി ജൂറിക്ക് അയച്ച സിനിമകളുടെ കൂട്ടത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം പോയിട്ട് മമ്മൂട്ടിയുടെ ഒരു ചിത്രം പോലും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പദ്മകുമാര്‍. അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കാതെ പോയതില്‍ വലിയ വിഷമമുണ്ടെങ്കിലും സിനിമകള്‍ അയയ്ക്കാതിരുന്നത് ആരാണെന്ന് അദ്ദേഹം ചോദിക്കുന്നു. മമ്മൂട്ടിയുടെ സിനിമകള്‍ മാത്രം അയയ്ക്കാതെ മുന്‍വിധിയോടെ ഓണ്‍ലൈനില്‍ ആരാണ് മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിക്കില്ല എന്ന വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. ഇതുവഴി മമ്മൂട്ടിക്ക് ലഭിക്കാമായിരുന്നു ഒരു വലിയ അവാര്‍ഡ് അവസരം നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും പദ്മകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.